|

എല്ലാ ഐ.പി.എല്ലിലും പോയി കളിച്ചാല്‍ കട്ടപ്പുറത്ത് കയറിയ കാറിന്റെ അവസ്ഥയാവും; ഓസീസ് നായകനോട് ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ കളിക്കാനില്ല എന്ന ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനത്തെ പിന്തുണച്ച് ഓസീസ് ലെജന്‍ഡ് ഗ്ലെന്‍ മഗ്രാത്ത്. താരത്തിന്റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണക്കുകയാണെന്നും അടുത്ത സീസണില്‍ എന്തുതന്നെയായാലും കളിക്കണമെന്നും മഗ്രാത്ത് പറഞ്ഞു.

നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ പ്രധാനിയായ കമ്മിന്‍സ് താന്‍ ഈ സീസണില്‍ ഐ.പി.എല്‍ കളിക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയാണ് താരം ഐ.പി.എല്‍ 2023യില്‍ കളിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചത്.

നാഷണല്‍ ഡ്യൂട്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് വിട്ടുനില്‍ക്കുന്നതെന്നും 2023 ആഷസ് പരമ്പരയടക്കം മുമ്പിലുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരിന്നു താരം കടുത്ത തീരുമാനമെടുത്തത്.

താരത്തിന്റെ ഈ തീരുമാനത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു ഓസീസ് സ്പീഡ്സ്റ്റര്‍ ഗ്ലെന്‍ മഗ്രാത്ത് രംഗത്തെത്തിയത്. പേസ് ബൗളര്‍മാര്‍ക്ക് ഓഫ് സീസണ്‍ വേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ അടുത്ത സീസണില്‍ എന്തുതന്നെയായാലും കളിക്കണമെന്നും താരം പറയുന്നു.

എ.എ.പിയോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘അടുത്ത ഐ.പി.എല്‍ കളിക്കാനില്ലെന്ന് കുമ്മോ (പാറ്റ് കമ്മിന്‍സ്) പറഞ്ഞിരുന്നു. ഇടക്ക് നിങ്ങല്‍ ഒരു ഓഫ് സീസണ്‍ എടുക്കണം. നന്നായി വിശ്രമിച്ച ശേഷം ശക്തമായി തിരിച്ചുവരണം.

നിങ്ങള്‍ ഓഫ് സീസണ്‍ എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കട്ടപ്പുറത്ത് കയറിയ കാറിന്റെ അവസ്ഥയാകും. വളരെ പെട്ടന്ന് തന്നെ നിങ്ങള്‍ തളര്‍ന്ന് വീണേക്കും. ഫാസ്റ്റ് ബൗളര്‍മാര്‍ ഇടക്ക് ഓഫ് സീസണ്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം ബൗളിങ്ങും ഓട്ടവും ചാട്ടവുമെല്ലാം നിങ്ങളുടെ എനര്‍ജി ഇല്ലാതാക്കും,’ മഗ്രാത്ത് പറയുന്നു.

‘ബിഗ് ബാഷിന്റെ മൂല്യം കുറയാന്‍ നിങ്ങളാഗ്രഹിക്കുന്നില്ല, പക്ഷേ എന്താണ് പ്രധാനപ്പെട്ടതെന്ന് നിങ്ങള്‍ വേണം തീരുമാനിക്കാന്‍. ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്നതായിരിക്കണം ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടീമിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് തന്നെയാകണം ആത്യന്തികമാകേണ്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയായിരുന്നു കമ്മിന്‍സ് പന്തെറിഞ്ഞത്. അഞ്ച് മത്സരത്തില്‍ നിന്നും ഏഴ് വിക്കറ്റായിരുന്നു താരം സ്വന്തമാക്കിയത്. 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതായിരുന്നു സീസണിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

Content Highlight:  Glenn McGrath backs Pat Cummins’ decision to skip IPL 2023