സച്ചിനും യുവരാജും സേവാഗും ചെയ്ത റോളില്‍ നമുക്കാളില്ല; ഇന്ത്യ മിസ് ചെയ്യുന്നത് മാക്‌സിയെ പോലെ ഒരുത്തനെ
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. 2011 ലോകകപ്പിന് ശേഷം ബിഗ് ഇവന്റ് വീണ്ടും ഇന്ത്യന്‍ മണ്ണിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഇതാദ്യമായി ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയരാകുന്നു എന്ന പ്രത്യേകതയും ഈ ടൂര്‍ണമെന്റിനുണ്ട്.
പരിചയ സമ്പന്നരായ സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഉള്‍ക്കൊള്ളുന്ന പെര്‍ഫെക്ട് ബ്ലെന്‍ഡാണ് ഇന്ത്യയുടേത്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങള്‍ ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ഏറെ ആശ്വാസമാകുന്നുണ്ട്.
പേസ് – സ്പിന്‍ ഡിപ്പാര്‍ട്‌മെന്റുകള്‍ സ്ഥിരതയോടെ പന്തെറിയുന്നുമുണ്ട്. എന്നാല്‍ ഒരുവേള ഇവര്‍ക്ക് അടിതെറ്റിയാലോ പിച്ചിന്റെ ഗതിയനുസരിച്ച പരീക്ഷണം നടത്താനുള്ള എക്‌സ്ട്രാ ബൗളര്‍ അല്ലെങ്കില്‍ പാര്‍ട് ടൈം ബൗളര്‍ എന്ന ഓപ്ഷന്‍ ഇന്ത്യക്ക് മുമ്പിലില്ല.
ഏറെ നാളുകളായി വിശ്വസിച്ച് പന്തേല്‍പിക്കാനുള്ള ഒരു പാര്‍ട് ടൈം ബൗളര്‍ ഇന്ത്യക്കുണ്ടായിട്ടില്ല. മുന്‍ കാലങ്ങള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിങ്ങും സൗരവ് ഗാംഗുലിയും സുരേഷ് റെയ്‌നയും വിരേന്ദര്‍ സോവാഗുമെല്ലാം ചെയ്ത ആ റോള്‍ ചെയ്യാന്‍ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
എന്നാല്‍ ആ റോള്‍ ഓസീസ് നിരയില്‍ കൃത്യമായി ചെയ്തുകൊണ്ടാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തളച്ചിട്ടത്. ഇന്ത്യയുടെ റണ്‍മെഷീന്‍ വിരാട് കോഹ്‌ലിയെ റണ്‍സ് നേടാന്‍ അനുവദിക്കാതെ അക്ഷരാര്‍ത്ഥത്തില്‍ മാക്‌സി കത്രികപ്പൂട്ടിട്ട് പൂട്ടുകയായിരുന്നു.
വിരാടിനെതിരെ എറിഞ്ഞ 17 പന്തില്‍ വെറും ഏഴ് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. 11 പന്തിലും റണ്‍സൊന്നും പിറന്നിരുന്നില്ല. 0, 2, 0, 1, 0, 0, 1, 0, 0, 1, 0, 0, 0, 0, 0, 2, W എന്നിങ്ങനെയാണ് മാക്‌സി വിരാടിനെതിരെ പന്തെറിഞ്ഞത്.
വിരാട് മാത്രമായിരുന്നില്ല, ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം മാക്‌സിയുടെ പന്തില്‍ റണ്ണെടുക്കാന്‍ പാടുപെട്ടു. മത്സരത്തില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് മാക്‌സ് വെല്‍ സ്വന്തമാക്കിയത്. ഈ പ്രകടനം തന്നെയാണ് മാക്‌സ്‌വെല്ലിനെ കളിയുടെ താരമാക്കിയതും.
വിരാടിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് മാക്‌സിക്ക് മുമ്പില്‍ വീണത്. രോഹിത്തിനെ ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയ മാക്‌സി, വാഷിങ്ടണ്ണിനെ ലബുഷാന്റെ കൈകളിലെത്തിച്ചും വിരാടിനെ സ്മിത്തിന്റെ കൈകളിലുമെത്തിച്ച് പുറത്താക്കി. ക്ലീന്‍ ബൗള്‍ഡാക്കിയാണ് മാക്‌സ്വെല്‍ അയ്യരെ മടക്കിയത്.
2015 ലോകകപ്പില്‍ മെയ്ന്‍ സ്പിന്നര്‍ പോലുമില്ലാതെ കങ്കാരുക്കള്‍ കളത്തിലിറങ്ങിയത് മാക്‌സ്‌വെല്ലിനെ വിശ്വസിച്ചായിരുന്നു. ഫൈനലില്‍ ഗപ്ടില്ലിനെയടക്കം മടക്കിക്കൊണ്ടാണ് മാക്‌സ്‌വെല്‍ തന്റെ പ്രഭാവം വ്യക്തമാക്കിയത്.
ഈ ലോകകപ്പിലും ഓസ്‌ട്രേലിയ ആശ്രയിക്കുന്ന പ്രധാന പേരുകളിലൊന്ന് മാക്‌സ്‌വെല്ലിന്റേത് തന്നെയാണ്. ഇന്ത്യയില്‍ കളിക്കാനിറങ്ങിയാല്‍ ആ ചെറുക്കന് പ്രാന്താണ് എന്ന് ആരാധകര്‍ പറയുന്നത് വെറുതെയല്ല. ബൗളിങ്ങിലും വെടിക്കെട്ട് ബാറ്റിങ്ങിലും മാത്രമല്ല, ടീമിന് നല്‍കുന്ന ഫ്‌ളെക്‌സിബിലിറ്റി കൂടിയാണ് അവനെ അപകടകാരിയാക്കുന്നത്.
Content Highlight: Glenn Maxwell will be crucial for Aussies in the World Cup.