പേസ് അറ്റാക്കിനിടയിലെ ഒരേയൊരു സ്പിന്‍ മന്ത്രം; മാക്‌സ്‌വെല്‍ ആറാടുകയാണ്
Sports News
പേസ് അറ്റാക്കിനിടയിലെ ഒരേയൊരു സ്പിന്‍ മന്ത്രം; മാക്‌സ്‌വെല്‍ ആറാടുകയാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd April 2024, 9:29 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സും തമ്മിലുള്ള മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ആര്‍.സി.ബി ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് എല്‍.എസ്.ജി നേടിയത്.

ബാറ്റ് ചെയ്യാന്‍ എത്തിയ ലഖ്‌നൗവിന് വേണ്ടി മികച്ച തുടക്കമാണ് ഡി കോക്കും കെ.എല്‍. രാഹുലും
നല്‍കിയത്. ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഡി കോക്കാണ്. 56 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും എട്ട് ബൗണ്ടറിയും അടക്കം 81 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് നിക്കോളാസ് പൂരനാണ്. അവസാന രണ്ട് ഓവറില്‍ അഞ്ച് സിക്‌സറുകളാണ് താരം നേടിയത്. 21 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സും അടക്കം 41 റണ്‍സ് നേടാനും താരത്തിന് കഴിഞ്ഞു.

എന്നാല്‍ രാഹുലിനെ പുറത്താക്കി ആര്‍.സി.ബിക്കുവേണ്ടി ആദ്യ വിക്കറ്റ് നേടിയത് മാക്‌സ്‌വെല്‍ ആണ്. 14 പന്തില്‍ രണ്ട് സിക്‌സര്‍ അടക്കം 20 റണ്‍സ് ആണ് ക്യാപ്റ്റന്‍ രാഹുല്‍ നേടിയത്. പവര്‍ പ്ലേ സമയത്ത് പാര്‍ട്ട് ടൈം സ്പിന്നറായ മാക്‌സ്‌വെല്ലിനെ കൊണ്ടുവന്ന് നിര്‍ണായക വിക്കറ്റ് നേടുകയായിരുന്നു.
പിന്നാലെ ദേവദത്ത് പടിക്കല്‍ ആറ് റണ്‍സിന് കൂടാരം കയറിയപ്പോള്‍ 24 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിനെ മാക്‌സി പറഞ്ഞയച്ചു.

നാല് ഓവറില്‍ മാക്‌സി വെറും 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും നേടി. 5.75 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും താരം നേടിയിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, രജത് പാടിദാര്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത്, റീസ് ടോപ് പ്ലെ, മയയങ്ക് ദഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍

ലഖ്‌നൗ: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്നോയ്, യാഷ് താക്കൂര്‍, നവീന്‍ ഉള്‍ ഹഖ്, മായങ്ക് യാദവ്.

 

 

 

 

Content highlight: Glenn Maxwell Well Bowling Against LSG