വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 മതസരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 241 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് ആണ് വിന്‍ഡീസിന് നേടാന്‍ സാധിച്ചത്.
ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ നടത്തിയത്. 56 പന്തില്‍ 120 റണ്‍സ് നേടികൊണ്ടായിരുന്നു മാക്‌സ്‌വെല്ലിന്റെ മിന്നും പ്രകടനം.
12 ഫോറുകളും എട്ട് സിക്‌സുകളും നേടികൊണ്ടായിരുന്നു മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 241.67 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
ഇന്റര്‍നാഷണല്‍ ടി-ട്വന്റി ക്രിക്കറ്റ് കരിയറില്‍ മാക്‌സിയുടെ അഞ്ചാം സെഞ്ച്വറി ആണിത്. ഇതോടെ ഇന്ത്യന്‍ ബാറ്റര്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പം എത്താനും മാക്‌സ്‌വെല്ലിന കഴിഞ്ഞു. റെക്കോഡ് നേട്ടത്തില്‍ മത്സരശേഷം താരം സംസാരിച്ചു.
‘ഈ ഫോര്‍മാറ്റില്‍ എനിക്ക് ശരിക്കും സുഖം തോന്നുന്നു. കഴിഞ്ഞ 18 മാസമായി എന്റെ ബാറ്റിങ് മികച്ചതാണ്,’അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഹൊബാര്‍ട്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡസ് 11 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങള്‍ ഉള്ള പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച പെര്‍ത്തില്‍ നടക്കും. കഴിഞ്ഞ ഏകദിന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 3-0 എന്ന നിലയിലാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്.
Content Highlight: Glenn Maxwell speaks after his breakout performance