| Friday, 15th November 2024, 3:33 pm

പൊള്ളാര്‍ഡും ഗെയ്‌ലും ബട്‌ലറും ഒന്നിച്ച് വീണു; വിന്‍ഡീസ് ഇംഗ്ലീഷ് കൊടുങ്കാറ്റുകളെ നിഷ്പ്രഭമാക്കിയ കങ്കാരുവിന്റെ സ്വിച്ച് ഹിറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് തുടക്കമായിരിക്കുകയാണ്. സന്ദര്‍ശകര്‍ക്ക് മുമ്പില്‍ ഏകദിന പരമ്പര അടിയറവ് വെക്കേണ്ടി വന്നതിന്റെ അപമാനഭാരം മറികടക്കാനാണ് കങ്കാരുപ്പട ടി-20 മത്സരങ്ങള്‍ക്കിറങ്ങിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. ഏഴ് ഓവറായി ചുരുക്കിയ മത്സരത്തില്‍ 29 റണ്‍സിന്റെ മികച്ച വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ടിന്റെ കരുത്തില്‍ ഏഴ് ഓവറില്‍ ഓസീസ് 93 റണ്‍സടിച്ചു. 19 പന്തില്‍ 43 റണ്‍സാണ് മാക്‌സി സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഏഴ് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.\

ഈ മത്സരത്തിന് പിന്നാലെ തന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് മറികടക്കാനും മാക്‌സ്‌വെല്ലിനായി. 10,000 ടി-20 റണ്‍സ് എന്ന നേട്ടമാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്.

പാകിസ്ഥാനെതിരെ 12 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് മാക്‌സ്‌വെല്‍ 10,000 എന്ന മാജിക്കല്‍ നമ്പര്‍ തൊട്ടത്.

ഇതോടെ മറ്റൊരു നേട്ടവും ഓസ്‌ട്രേലിയന്‍ പവര്‍ ഹിറ്റര്‍ സ്വന്തമാക്കി. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗം 10,000 ടി-20 റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് നേട്ടമാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്.

വിന്‍ഡീസ് ഇതിഹാസം കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ മറികടന്നുകൊണ്ടാണ് മാക്‌സി ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.

ടി-20യില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍)

(താരം – 10,000 ടി-20 റണ്‍സ് നേടാന്‍ ആവശ്യമായി വന്ന പന്തുകള്‍ എന്ന ക്രമത്തില്‍)

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 6,505

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 6,640

ക്രിസ് ഗെയ്ല്‍ – 6,705

അലക്‌സ് ഹേല്‍സ് – 6,774

ജോസ് ബട്‌ലര്‍ – 6,928

കരിയറിലെ 421ാം ഇന്നിങ്‌സിലാണ് മാക്‌സ്‌വെല്‍ 10,000 റണ്‍സ് എന്ന മൈല്‍സ്‌റ്റോണ്‍ പിന്നിട്ടത്. 27.70 ശരാശരിയിലും 153.87 സ്‌ട്രൈക്ക് റേറ്റിലും 10,031 റണ്‍സാണ് നിലവില്‍ വെടിക്കെട്ട് വീരന്‍ കങ്കാരുവിന്റെ പേരിലുള്ളത്.

ടി-20യില്‍ ഏഴ് സെഞ്ച്വറിയും 54 അര്‍ധ സെഞ്ച്വറിയും മാക്‌സി തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്. 2022 ജനുവരി 19ന് ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനെതിരെ പുറത്താകാതെ നേടിയ 154 ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഓസ്‌ട്രേലിയന്‍ നാഷണല്‍ ടീമിന് പുറമെ ബര്‍മിങ്ഹാം ബെയേഴ്‌സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, ഹാംഷെയര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ലങ്കാഷയര്‍, ലണ്ടന്‍ സ്പിരിറ്റ്, മെല്‍ബണ്‍ റെനഗെഡ്‌സ്, മെല്‍ബണ്‍ സ്റ്റാര്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സറേ, വിക്ടോറിയ, വാഷിങ്ടണ്‍ ഫ്രീഡം എന്നിവര്‍ക്ക് വേണ്ടിയും താരം ബാറ്റേന്തിയിട്ടുണ്ട്.

Content Highlight: Glenn Maxwell secured the record of fastest 10,000 T20 runs

We use cookies to give you the best possible experience. Learn more