| Wednesday, 29th November 2023, 4:15 pm

അവള്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്; ഒരേ പട്ടികയില്‍ ഒന്നാമനും രണ്ടാമനും മൂന്നാമനും; റിയല്‍ മാക്‌സ്‌വെല്‍ മാജിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കങ്കാരുക്കള്‍ വിജയം കൈപ്പിടിയിലൊതുക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് ഓസീസ് പരമ്പരയിലേക്ക് തിരിച്ചുവന്നത്. ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട സന്ദര്‍ശകര്‍ രണം അല്ലെങ്കില്‍ മരണം എന്ന് ഉറപ്പിച്ചാണ് ഗുവാഹത്തിയിലേക്കിറങ്ങിയത്. ഡു ഓര്‍ ഡൈ മത്സരത്തില്‍ വിജയിച്ച് പരമ്പര സജീവമാക്കി നിര്‍ത്താനും ഓസ്‌ട്രേലിയക്കായി.

സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇടിവെട്ട് സെഞ്ച്വറി കരുത്തിലാണ് ഓസീസ് വിജയത്തിലേക്ക് നടന്നുകയറിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന ഓവറില്‍ 30 റണ്‍സ് വഴങ്ങേണ്ടി വന്നെങ്കിലും പലിശ സഹിതം തിരിച്ചടിച്ചാണ് മാക്‌സ്‌വെല്‍ സെഞ്ച്വറിയും ടീമിന്റെ വിജയവും ഉറപ്പിച്ചത്.

അവസാന ഓവറിലെ അഞ്ചാം പന്തില്‍ പ്രസിദ്ധ് കൃഷ്ണയെ ബൗണ്ടറി കടത്തിയാണ് മാക്‌സ്‌വെല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 48 പന്തില്‍ പുറത്താകാതെ 104 റണ്‍സാണ് താരം നേടിയത്.

നേരിട്ട 47ാം പന്തിലാണ് മാക്‌സ്‌വെല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെ പല റെക്കോഡുകളും താരത്തെ തേടിയെത്തിയിരുന്നു.

വേഗത്തില്‍ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന രണ്ടാമത് ഓസ്‌ട്രേലിയന്‍ താരമായും ഒന്നാമത് ഓസീസ് പുരുഷതാരമായുമാണ് മാക്‌സ്‌വെല്‍ റെക്കോഡിട്ടത്.

46 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അലീസ ഹീലിയാണ് വേഗത്തില്‍ ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഓസീസ് താരം. 2019ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഹീലിയുടെ സെഞ്ച്വറി നേട്ടം.

ഇതിന് മുമ്പ് 47 പന്തില്‍ സെഞ്ച്വറി നേടിയ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനും ജോഷ് ഇംഗ്ലിസിനുമൊപ്പമാണ് മാക്‌സി ഒന്നാം സ്ഥാനം പങ്കിടുന്നത്. ഇതിന് പുറമെ വേഗത്തില്‍ സെഞ്ച്വറി നേടി ഓസീസ് താരങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തന്റെ പേരെഴുതിവെക്കാനും മാക്‌സ്‌വെല്ലിനായി.

ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഫാസ്റ്റസ്റ്റ് ടി-20ഐ സെഞ്ച്വറി

(താരം – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)

അലീസ ഹീലി – 46 – ശ്രീലങ്ക – 2019 – നോര്‍ത് സിഡ്‌നി ഓവല്‍

അരോണ്‍ ഫിഞ്ച് – 47 – ഇംഗ്ലണ്ട് – 2013 – സതാംപ്ടണ്‍

ജോഷ് ഇംഗ്ലിസ് – 47 – ഇന്ത്യ – 2023 – വിശാഖപട്ടണം

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 47 – ഇന്ത്യ – 2023 – ബര്‍സാപര

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 49 – ശ്രീലങ്ക – 2016 – പല്ലേക്കലേ

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 50 – ഇന്ത്യ – 2019 – ചിന്നസ്വാമി

ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡും താരം സ്വന്തമാക്കി. മാക്‌സിയുടെ 4ാം അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയാണിത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – രാജ്യം – സെഞ്ച്വറി – ഉയര്‍ന്ന സ്‌കോര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 4 – 118

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 4 – 145*

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 3 – 117

ബാബര്‍ അസം – പാകിസ്ഥാന്‍ – 3 – 122

സബാവൂന്‍ ഡേവിസി- ചെക് റിപ്പബ്ലിക് – 3 – 115*

കോളിന്‍ മണ്‍റോ – ന്യൂസിലാന്‍ഡ് – 3 – 109*

Content Highlight: Glenn Maxwell scripts several T20 records

We use cookies to give you the best possible experience. Learn more