ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ മറ്റു ടീമുകള്‍ക്ക് അപകടമുന്നറിയിപ്പുമായി ആര്‍.സി.ബി നായകന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ക്യാപ്റ്റന്‍സിയുടെ ചുമതലകളേതുമില്ലാതെ കളിത്തിലിറങ്ങുന്ന മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മറ്റു ടീമുകള്‍ ശരിക്കും പേടിച്ചേ മതിയാവൂ എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യന്‍ ദേശീയ ടീമിന്റെയോ ബെംഗളൂരുവിന്റെയോ നായകനെന്ന ബാധ്യതയില്ലാതെയാണ് കോഹ്‌ലി ഇത്തവണ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ താരം നായകപദവി ഉപേക്ഷിച്ചിരുന്നു. ഒരു ഫോര്‍മാറ്റിന്റെയും നായകനെന്ന ബാധ്യതയില്ലാതെയാണ് വിരാട് ബാറ്റേന്തുന്നത്.
നായകസ്ഥാനം വിരാടിന് വലിയ ബാധ്യതയായിരുന്നുവെന്നും അത് കൈമാറ്റം ചെയ്തപ്പോള്‍ വലിയൊരു ഭാരം ഇറക്കിവെച്ചത് പോലെയാണ് കോഹ്‌ലിയെന്നുമാണ് മാക്‌സ്‌വെല്‍ പറയുന്നത്.
”എതിര്‍ടീമിനെ സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമായ വാര്‍ത്തയായിരിക്കുമത്. നായകസ്ഥാനത്ത് നിന്നൊഴിവാകുന്നത് വലിയൊരു ഭാരം ഇറക്കിവെച്ചത് പോലെയാണ് അദ്ദേഹത്തിന്.
കോഹ്‌ലി കൂടുതല്‍ അപകടകാരിയായി മാറുമെന്നുറപ്പാണ്. അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനാവും. നായകനെന്ന സമ്മര്‍ദ്ദമില്ലാതെ കോലിക്ക് കളിക്കാനാവും.” മാക്‌സ്‌വെല്‍ പറയുന്നു.
മാര്‍ച്ച് 26നാണ് ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ടീമുകള്‍ അധികമായി, 10 ടീമുകളാണ് ഇത്തവണ കിരീടം തേടിയിറങ്ങുന്നത്.
ടീമുകളുടെ എണ്ണം കൂടിയതിനാല്‍ രണ്ട് ഗ്രൂപ്പുകളായാണ് മത്സരം സജ്ജീകരിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ബെംഗളൂരു.