|

ഈ സെഞ്ച്വറി മറ്റൊരാള്‍ക്ക്, എന്റെ മാവറിക്കിന്; ബ്രസീല്‍ ഇതിഹാസത്തെ ഓര്‍മിപ്പിച്ച് മാക്‌സി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയാണ് ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ചരിത്രം കുറിച്ചത്. നേരിട്ട 40ാം പന്തിലാണ് മാക്‌സ്‌വെല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സിക്‌സറടിച്ചുകൊണ്ടായിരുന്നു താരം ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ താരത്തിന്റെ ആഘോഷവും ഏറെ ചര്‍ച്ചയായിരുന്നു. ഏറെ അഗ്രസ്സീവായ രീതിയില്‍ അലറി വിളിച്ചുകൊണ്ടാണ് മാക്‌സി തന്റെ സെഞ്ച്വറി നേട്ടം ആഘോഷമാക്കിയത്.

ഈ അഗ്രസീവ് സെലിബ്രേഷന് അവസാനം മാക്‌സ്‌വെല്‍ നടത്തിയ ക്രാഡില്‍ സെലിബ്രേഷനും ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ ബാറ്റിനെ ഒരു കുട്ടിയെ ഉറക്കുന്നതുപോലെയാണ് മാക്‌സ്‌വെല്‍ സെലിബ്രേറ്റ് ചെയ്തത്.

View this post on Instagram

A post shared by ICC (@icc)

സെപ്റ്റംബര്‍ 11ന് ജനിച്ച തന്റെ മകന്‍ ലോഗന്‍ മാവറിക് മാക്‌സ്‌വെല്ലിനാണ് താരം ഈ സെഞ്ച്വറി സമര്‍പ്പിച്ചത്. താരത്തിന്റെ ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അടക്കം ഈ സെലിബ്രേഷന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മാക്‌സ് വെല്ലിനും ലോഗനുമുള്ള ആശംസകള്‍ നിറയുകയാണ്.

മാക്‌സ്‌വെല്ലിന്റെ ഈ സെലിബ്രേഷന്‍ കണ്ട ഫുട്‌ബോള്‍ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. ബ്രസീല്‍ ഇതിഹാസ താരം ബെബെറ്റോയുടെ ക്രാഡില്‍ സെലിബ്രേഷനോടാണ് ആരാധകര്‍ മാക്‌സ്‌വെല്ലിന്റെ ഈ സെലിബ്രേഷനെ ചേര്‍ത്തുവെക്കുന്നത്.

1994 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ബെബെറ്റോ തന്റെ മൂന്നാം കുഞ്ഞിന്റെ ജനനത്തെ കുറിക്കുന്ന ഗോള്‍ സെലിബ്രേഷന്‍ നടത്തിയത്. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഐക്കോണിക് സെലിബ്രേഷനുകളില്‍ ഒന്നായി ബെബെറ്റോയുടെ ക്രാഡില്‍ സെലിബ്രേഷന്‍ മാറുകയായിരുന്നു.

അതേസമയം, മാക്‌സ്‌വെല്ലിന്റെ റെക്കോഡ് സെറ്റിങ് സെഞ്ച്വറിക്ക് പിന്നാലെ ഓസീസ് 309 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഓസീസ് ഉയര്‍ത്തിയ 399 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 90 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മാക്‌സ്‌വെല്ലാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

വരും മത്സരത്തിലും മാക്‌സ്‌വെല്‍ ഇതേ പ്രകടനം ആവര്‍ത്തിക്കുകയാണെങ്കില്‍ ഓസീസ് നോക്കൗട്ട് സ്‌റ്റേജിലേക്ക് മാര്‍ച്ച് ചെയ്യാന്‍ സാധ്യതകളേറെയാണ്.

CONTENT HIGHLIGHT: Glenn Maxwell’s century celebration was taken over by the fans

Latest Stories