| Monday, 4th October 2021, 8:37 pm

ഗില്‍ക്രിസ്റ്റാണ് എന്റെ വിക്കറ്റ് കീപ്പര്‍, മറ്റ് താരങ്ങള്‍ ഇവരാണ്; ഏറ്റവും മികച്ച അഞ്ച് ടി-20 താരങ്ങളെക്കുറിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: ഐ.പി.എല്‍ പൂരം കഴിഞ്ഞാല്‍ ടി-20 ലോകകപ്പിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഏറെക്കുറെ എല്ലാ ടീമുകളും തങ്ങളുടെ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചും കഴിഞ്ഞു.

ഇപ്പോഴിതാ തനിക്കിഷ്ടപ്പെട്ട ഏറ്റവും മികച്ച അഞ്ച് ടി-20 താരങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. കഴിഞ്ഞ കാലത്തേയും ഇപ്പോഴത്തേയും ഏറ്റവും മികച്ച ടി-20 താരങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് മാക്‌സ്‌വെല്‍ ഇഷ്ടതാരങ്ങളെ വെളിപ്പെടുത്തിയത്.

അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രെ റസല്‍, ഇംഗ്ലണ്ട് ഔള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ഷോണ്‍ ടെയ്റ്റ് എന്നിവരെയാണ് മാക്‌സ്‌വെല്‍ ഏറ്റവും മികച്ച ടി-20 താരങ്ങളായി തെരഞ്ഞെടുത്തത്.

ജീനിയസായ സ്പിന്നറും മികച്ച ബാറ്റ്‌സ്മാനുമാണ് റാഷിദെന്ന് മാക്‌സ് വെല്‍ പറയുന്നു. വേഗത്തില്‍ പന്തെറിയുന്നയാളും ബാറ്റ് ചെയ്യുമ്പോള്‍ പന്തിനെ ഗ്യാലറിയ്ക്ക് പുറത്തേക്ക് പായിക്കാന്‍ കഴിവുള്ളയാളുമെന്നുമാണ് റസലിന് മാക്‌സ്‌വെല്‍ നല്‍കുന്ന വിശേഷണം.

ഗ്രൗണ്ടിന്റെ എല്ലാ മൂലയില്‍ നിന്നും റണ്‍സ് നേടാന്‍ കഴിവുള്ള താരമാണ് സ്റ്റോക്‌സ് എന്നാണ് മാക്‌സ്‌വെല്‍ പറയുന്നത്. ഗില്‍ക്രിസ്റ്റും ടെയ്റ്റും അസാമാന്യപ്രതിഭകളാണെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

‘അദ്ദേഹമാണ് എന്റെ വിക്കറ്റ് കീപ്പര്‍, ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍. കളി കാണാന്‍ എനിക്കേറ്റവും ഇഷ്ടമുള്ള താരം,’ ഗില്‍ക്രിസ്റ്റിനെക്കുറിച്ച് മാക്‌സ് വെല്‍ പറഞ്ഞു.

റോക്കറ്റ് കണക്കെ പന്തെറിയാന്‍ കഴിയുന്ന താരമാണ് ടെയ്‌റ്റെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. കരിയറിന്റെ അവസാനഘട്ടത്തില്‍ പോലും ഒരേ വേഗതയില്‍ പന്തെറിയാന്‍ ടെയ്റ്റിനായെന്നും മാക്‌സ്‌വെല്‍ പറയുന്നു.

ഒക്ടോബര്‍ 17 നാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Glenn Maxwell Picks 5 Players He’ll Have In His T20 World Cup Side, No Indian In It  Rashid Khan, Andre Russell, Ben Stokes, Adam Gilchrist, Shaun Tait

We use cookies to give you the best possible experience. Learn more