Sports News
നന്നായി ബൗള്‍ ചെയ്തു, പക്ഷെ ബാറ്റിങ്ങില്‍ മോശം റെക്കോഡ്; നാണം കെട്ട് മാക്‌സ്‌വെല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 03, 05:52 am
Wednesday, 3rd April 2024, 11:22 am

എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ലഖ്നൗവിന് 28 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടിയ ബെംഗളൂരു ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

പരാജയപ്പെട്ടെങ്കിലും ബെംഗളൂരു ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഗ്ലെന്‍ മാക്സ് വെല്ലാണ്. നാലു ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചു. റീസ് ടോപ്പ്ലെ, യാഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്റിങ്ങില്‍ വമ്പന്‍ പരാജയമായിരുന്നു മാക്‌സ്‌വെല്‍. മയങ്ക് യാദവിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ എഡ്ജ് ആയി പൂജ്യം റണ്‍സിനാണ്താരം പുറത്തായത്. ഇതോടെ ഒരു മോശം റെക്കോഡും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്ക് ആവുന്ന മൂന്നാമത്തെ ബാറ്ററാവുകയാണ് മാക്‌സി. ഈ പട്ടികയില്‍ ഒന്നാമത് രോഹിത് ശര്‍മയാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്ക് ആവുന്ന താരം, എണ്ണം

രോഹിത് ശര്‍മ – 17

ദിനേശ് കാര്‍ത്തിക്ക് – 17

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 16*

മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു തുടക്കത്തിലെ തകരുകയായിരുന്നു. 16 പന്തില്‍ 22 റണ്‍സ് നേടി വിരാട് കോഹ്‌ലി പുറത്തായപ്പോള്‍ ഫാഫ് ഡു പ്ലെസിസ് 19 റണ്‍സില്‍ റണ്‍ ഔട്ടായി. തുടര്‍ന്ന് രജത് പാടിദാര്‍ 29 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മാക്സി പൂജ്യത്തിനും പുറത്തായി. കാമറൂണ്‍ ഗ്രീന്‍ 9 റണ്‍സ് നേടി നിരാശപ്പെടുത്തി. ടീമിനുവേണ്ടി ഇമ്പാക്ട് പ്ലെയര്‍ മഹിപാല്‍ ലാംറോര്‍ 33 റണ്‍സ് നേടിയ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

 

Content Highlight: Glenn Maxwell In Bad Record Achievement