| Thursday, 26th October 2023, 4:44 pm

ലോകകപ്പ് സംഘാടനത്തിലെ ഏറ്റവും വലിയ മണ്ടത്തരം; തുറന്നടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ ഡ്രിങ്ക്‌സ് ബ്രേക്കിനിടയിലെ ലൈറ്റ് ഷോക്കെതിരെ വിമര്‍ശനവുമായി സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. മത്സരത്തിനിടെ ഇത്തരത്തിലുള്ള ലൈറ്റ് ഷോകള്‍ അരങ്ങേറുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കണ്ണിന് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് മാക്‌സ്‌വെല്‍ പറയുന്നത്.

കളി കാണുന്നവര്‍ക്ക് ഇത് രസകരമായി തോന്നുമെങ്കിലും താരങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത്സര ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സിലായിരുന്നു മാക്‌സ്‌വെല്‍ ഇക്കാര്യം പറഞ്ഞത്.

‘ബിഗ് ബാഷ് ലീഗിലെ ഒരു മത്സരത്തിനിടെ പെര്‍ത്ത് സ്റ്റേഡിയത്തിലും ഇത്തരമൊരു ലൈറ്റ് ഷോ നടന്നിരുന്നു. കഠിനമായ തലവേദന അനുഭവപ്പെടുന്നതായാണ് എനിക്ക് തോന്നിയത്. കണ്ണുകള്‍ ഇതിന് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ സമയമെടുക്കും.

ഇത് ലോകകപ്പിലെ ഏറ്റവും ബുദ്ധിശൂന്യമായ തീരുമാനമായിട്ടാണ് എനിക്ക് തോന്നുന്നത്. ഈ ലൈറ്റ് കാരണം കണ്ണുകള്‍ ഇതുമായി അഡ്ജസ്റ്റ് ചെയ്യാന്‍ സമയമെടുക്കുന്നു.

അന്ന് പെര്‍ത്തില്‍ ഇതിന് പിന്നാലെ ഞങ്ങള്‍ക്കൊരു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തമായി കാണാന്‍ പോലും ഒരുപാട് സമയമെടുത്തു.

ഇത് വളരെ മോശമായ ആശയമാണ്. കാണികള്‍ക്ക് ഇത് രസകരമായി തോന്നുമെങ്കിലും കളിക്കാരെ സംബന്ധിച്ച് ഇത് ഭയാനകമാണ്,’ മാക്‌സ്‌വെല്‍ പറഞ്ഞു.

ലോകകപ്പിലെ മത്സരങ്ങള്‍ക്കിടയിലെ ലൈറ്റ് ഷോകള്‍ ആരാധകരെ ആവേശത്തിലാക്കാറുണ്ട്. ബ്രൈറ്റ് ലൈറ്റുകള്‍ക്കൊപ്പം പാട്ടുകളുമായി സ്റ്റേഡിയം ആവേശത്തിലാകുന്ന സമയമായിരുന്നു അത്.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ മാക്‌സ്‌വെല്ലിനെയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുത്തത്. 44 പന്തില്‍ നിന്നും മാക്‌സി നേടിയ 106 റണ്‍സാണ് ഓസീസിനെ പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനറങ്ങിയ നെതര്‍ലന്‍ഡ്‌സ് 90 റണ്‍സിന് ഓള്‍ ഔട്ടായി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിലെ നാലാം സ്ഥാനം നിലനിര്‍ത്താനും നെറ്റ് റണ്‍ റേറ്റില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കാനും ഓസീസിന് സാധിച്ചിരുന്നു.

Content highlight: Glenn Maxwell criticize light shows during drinks break

We use cookies to give you the best possible experience. Learn more