|

മുന്നിലുള്ളത് മൂന്ന് കിടിലന്‍ റെക്കോഡുകള്‍; ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ടിന് തിരികൊടുക്കാന്‍ മാക്‌സ്‌വെല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള വമ്പന്‍ മത്സരമാണ് ഇന്ന് (ശനി) നടക്കാനിരിക്കുന്നത്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനുമെന്ന പോലെ ആരാധകരെ ഹരം കൊള്ളിക്കുന്ന മത്സരമാണിത്. മാത്രമല്ല ഇന്ന് നടക്കാനിരിക്കുന്ന വാശിയേറിയ മത്സരത്തില്‍ ഓസീസിന്റെ എക്കാലത്തെയും മിന്നും താരമായ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് മൂന്ന് നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

ഏകദിനത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരം, ഏഷ്യയില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനും അവസരം

146 ഏകദിന മത്സരങ്ങളിലെ 134 ഇന്നിങ്‌സില്‍ നിന്നും 126.28 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 3951 റണ്‍സാണ് താരം നിലവില്‍ നേടിയത്. ഇനി വെറും 49 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് താരത്തിനുള്ളത്.

മാത്രമല്ല ഏഷ്യയില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാനും മാക്‌സ്‌വെല്ലിന് അവസരമുണ്ട്. ഏഷ്യന്‍ മണ്ണില്‍ 43 ഏകദിന മത്സരങ്ങളില്‍ നിന്ന് മാക്‌സ്വെല്‍ 40.37 ശരാശരിയില്‍ 1494 റണ്‍സ് നേടിയിട്ടുണ്ട്. ഈ നേട്ടത്തിലെത്താന്‍ താരത്തിന് വെറും ആറ് റണ്‍സ് കൂടി മതി.

ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഓസ്‌ട്രേലിയന്‍ താരം

ഏകദിനത്തില്‍ മാക്‌സ്‌വെല്‍ നിലവില്‍ 152 സിക്‌സറുകളാണ് നേടിയത്. അതില്‍ ഇംഗ്ലണ്ടിനെതിരെ താരം ആകെ 23 സിക്‌സറുകളും നേടിയിട്ടുണ്ട്. ഇനി വെറും അഞ്ച് സിക്‌സര്‍ നേടിയാല്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഓസീസ് താരമാകാന്‍ മാക്‌സിക്ക് സാധിക്കും. ഷെയ്ന്‍ വാട്‌സണ്‍ (27), ആരോണ്‍ ഫിഞ്ച് (25) എന്നിവരെ മറികടക്കാനും താരത്തിന് കഴിയും.

Content Highlight: Glenn Maxwell Can Achieve Three Records Against England