| Saturday, 29th October 2022, 5:09 pm

ചുമ്മാ തീ, ടീം സ്‌കോറിന്റെ 63 ശതമാനവും അടിച്ചെടുത്തു; ചരിത്രനേട്ടവും ഒപ്പം സിംഗിള്‍ നേടാന്‍ പുതിയ വിദ്യയും; തരംഗമായി ഗ്ലെന്‍ ഫിലിപ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പ് 2022യിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കി ന്യൂസിലാന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്. ശ്രീലങ്കക്കെതിരായ മത്സരത്തിലായിരുന്നു ഗ്ലെന്‍ ഫിലിപ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.

ബാറ്റിങ് തകര്‍ച്ച നേരിട്ട ന്യൂസിലാന്‍ഡിനെ കൈപിടിച്ചുയര്‍ത്തിയത് ഗ്ലെന്‍ ഫിലിപ്‌സായിരുന്നു. 64 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും നാല് സിക്‌സറുമടക്കമാണ് താരം സെഞ്ച്വറി നേടിയത്.

ടീമിന്റെ ടോപ് ഓര്‍ഡര്‍ പാടെ തകര്‍ന്ന മത്സരത്തില്‍ ഗ്ലെന്‍ ഫിലിപ്‌സായിരുന്നു ബ്ലാക് ക്യാപ്‌സിന്റെ രക്ഷകനായത്. ഓപ്പണര്‍മാരായ ഫിന്‍ അലന്‍ ഡെവോണ്‍ കോണ്‍വേ എന്നിവര്‍ ഓരോ റണ്‍സ് മാത്രം നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ എട്ട് റണ്‍സും നേടി പുറത്തായി.

എന്നാല്‍ നാലാമനായി സെഞ്ച്വറിയടിച്ചതോടെ ഒരു റെക്കോഡും താരം സ്വന്തമാക്കി. ടി-20 ലോകകപ്പില്‍ നാലാമനായി ഇറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ഗ്ലെന്‍ ഫിലിപ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

64 പന്തില്‍ നിന്നും 104 റണ്‍സുമായി ലാഹിരു കുമാരയുടെ പന്തില്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണകക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ടീം സ്‌കോറിന്റെ സിംഹഭാഗവും നേടിയത് ഗ്ലെന്‍ ഫിലിപ്‌സാണ്. താരത്തിന് പുറമെ അല്‍പമെങ്കിലും ചെറുത്ത് നിന്നത് ഡാരില്‍ മിച്ചല്‍ മാത്രമാണ്. 24 പന്തില്‍ നിന്നും 22 റണ്‍സാണ് മിച്ചല്‍ നേടിയത്. അഞ്ച് പന്തില്‍ നിന്നും 11 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറും മാത്രമാണ് കിവീസ് നിരയില്‍ ഇരട്ടയക്കം കടന്നത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.

ഇതിന് പുറമെ ഗ്ലെന്‍ ഫിലിപ്‌സിന്റെ സിംഗിളിനായുള്ള ഓട്ടവും ചര്‍ച്ചയാവുന്നുണ്ട്. 100 മീറ്റര്‍ സ്പ്രിന്ററെ പോലെ പൊസിഷന്‍ ചെയ്താണ് താരം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ സിംഗിളിനായി തയ്യാറെടുത്തത്.

എന്നാല്‍ ന്യൂസിലാന്‍ഡിന് നേരിടേണ്ടി വന്ന അതേ വിധിയായിരുന്നു ശ്രീലങ്കക്കും നേരിടേണ്ടി വന്നത്. പവര്‍പ്ലേയില്‍ കിവീസ് വിക്കറ്റുകള്‍ പിഴുത ശ്രീലങ്കക്ക് അതേ നാണയത്തില്‍ തന്നെ കിവീസ് ബൗളര്‍മാര്‍ തിരിച്ച് പണി കൊടുക്കുകയായിരുന്നു.

ടോപ് ഓര്‍ഡറില്‍ പാതും നിസങ്ക, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ കുശാല്‍ മെന്‍ഡിസ് നാല് റണ്‍സ് നേടി പുറത്തായി.

സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടായിരുന്നു ശ്രീലങ്കയെ എറിഞ്ഞിട്ടത്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്.

കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ. ചരിത് അസങ്ക, ക്യാപ്റ്റന്‍ ദാസുന്‍ ഷണക എന്നിവരാണ് ബോള്‍ട്ടിന് മുമ്പില്‍ വീണത്.

34 റണ്‍സ് നേടിയ ഭാനുക രാജപക്‌സെയും 35 റണ്‍സ് നേടി ഷണകയുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. എങ്കിലും ലങ്കയുടെ തോല്‍വിയെ തടുക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

19.2 ഓവറില്‍ 102 റണ്‍സിന് ശ്രീലങ്ക ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ 65 റണ്‍സിന്റെ വിജയം കിവീസ് ആഘോഷിച്ചു.

Content Highlight: Glen Philips’s incredible innings in New Zealand vs Sri Lanka match

We use cookies to give you the best possible experience. Learn more