ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സ്. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയതിന് പിന്നാലെയാണ് താരത്തെ തേടി ചരിത്ര നേട്ടമെത്തിയത്.
16 വര്‍ഷത്തിന് ശേഷം ന്യൂസിലാന്‍ഡ് മണ്ണില്‍ ഫൈഫര്‍ നേടുന്ന ആദ്യ കിവീസ് സ്പിന്നര്‍ എന്ന നേട്ടമാണ് ഗ്ലെന്‍ ഫിലിപ്‌സ് നേടിയത്. 2008ല്‍ ജീതന്‍ പട്ടേലാണ് ഇതിന് മുമ്പ് ഹോം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനായി ഫൈഫര്‍ നേടിയ താരം. വിന്‍ഡീസിനെതിരെയാണ് പട്ടേലിന്റെ അഞ്ച് വിക്കറ്റ് നേട്ടം പിറന്നത്.
ഓസീസ് ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കിക്കൊണ്ടാണ് ഫിലിപ്‌സ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ശേഷം ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി എന്നിവരും ഫിലിപ്‌സിന്റെ പന്തിന്റെ മൂര്‍ച്ചയറിഞ്ഞു. കാമറൂണ്‍ ഗ്രീനിനെ പുറത്താക്കിയാണ് കിവീസിന്റെ വലം കയ്യന്‍ ഓഫ് ബ്രേക്കര്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്. താരത്തിന്റെ റെഡ് ബോള്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
12 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ആദ്യമായി റണ്‍ ഔട്ടായ അതേ മത്സരത്തിലാണ് ഫിലിപ്‌സിന്റെ ഈ നേട്ടം പിറന്നത് എന്നതും യാദൃശ്ചികതയാണ്.
ഫിലിപ്‌സിന് പുറമെ മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ടിം സൗത്തി രണ്ട് വിക്കറ്റും സ്വന്തമാക്കി.
മൂവരുടെയും ബൗളിങ് കരുത്തില്‍ ഓസ്‌ട്രേലിയ 164 റണ്‍സിന് ഓള്‍ ഔട്ടാവുകയും 369 റണ്‍സിന്റെ വിജയലക്ഷ്യം കിവീസിന് മുമ്പില്‍ വെക്കുകയുമായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ കാമറൂണ്‍ ഗ്രീനിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 275 പന്തില്‍ പുറത്താകാതെ 174 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്‌സില്‍ നഥാന്‍ ലിയോണിന്റെ സ്പിന്‍ മാജിക്കിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ ന്യൂസിലാന്‍ഡ് പതറിയിരുന്നു. 179 റണ്‍സിനാണ് ടീം ആദ്യ ഇന്നിങ്‌സില്‍ ഓള്‍ ഔട്ടായത്.
നിലവില്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 111ന് മൂന്ന് എന്ന നിലയിലാണ് കിവീസ്. 94 പന്തില്‍ 56 റണ്‍സുമായി രചിന്‍ രവീന്ദ്രയും 63 പന്തില്‍ 12 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.
സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)
ഓസ്‌ട്രേലിയ – 383 & 164
ന്യൂസിലാന്‍ഡ് – (T: 369) 179 & 111/3
Content highlight: Glen Philips is the first New Zealand spinner to take a fifer in home test after 2008