| Wednesday, 6th December 2023, 9:53 pm

എന്റെ കാലുകള്‍ തളരുന്ന കാലം വരെ ഞാന്‍ ഐ.പി.എല്‍ കളിക്കും; ഗ്ലെന്‍ മാക്‌സ്‌വെൽ

സ്പോര്‍ട്സ് ഡെസ്‌ക്

എത്രകാലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും എന്നതിനെകുറിച്ച് സംസാരിച്ചിരുകയാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെൽ.

താന്‍ കളിക്കുന്ന അവസാന ടൂര്‍ണമെന്റ് ആയിരിക്കും ഐ.പി.എല്‍ എന്നും തന്റെ കളി നിര്‍ത്തുന്നത് വരെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നാണ് മാക്‌സ്‌വെൽ പറഞ്ഞത്.

‘ഞാന്‍ ക്രിക്കറ്റില്‍ കളിക്കുന്ന അവസാന ടൂര്‍ണമെന്റ് ആയിരിക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍). കാരണം എന്റെ കാലുകള്‍ തളരുന്ന വരെ ആ ടൂര്‍ണമെന്റില്‍ പങ്കെടുക്കും,’ മാക്‌സ്‌വെൽ പറഞ്ഞു.

2012ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് മാക്‌സ്‌വെൽ ഐ.പി.എല്ലില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരുപാട് ടീമുകള്‍ക്ക് വേണ്ടി കളിച്ച മാക്‌സ്‌വെൽ മികച്ച പ്രകടനങ്ങളാണ് ഐ.പി.എല്ലില്‍ കാഴ്ചവെച്ചത്.

2013ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച താരം തൊട്ടടുത്ത സീസണില്‍ പഞ്ചാബ് കിങ്സിന് വേണ്ടിയാണ് കളിച്ചത്.

2014ല്‍ പഞ്ചാബ് കിങ്സിലായിരുന്നു മാക്‌സ്വെല്ലിന്റെ മികച്ച സീസണ്‍. ആ സീസണില്‍ പഞ്ചാബിനായി 552 റണ്‍സാണ് മാക്‌സ്വെല്‍ നേടിയത്. 187.75 പ്രഹരശേഷിയിലാണ് താരം ബാറ്റ് വീശിയത്.

തുടര്‍ന്ന് 14.25 കോടിക്കാണ് ബെംഗളൂരു ഓസ്‌ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്സ് ബെഗളൂരുവിനായി മൂന്ന് സീസണുകളിലായി 513, 301, 400 എന്നിങ്ങനെയാണ് റൺസുകള്‍ നേടിയത്.

ഐ.പി.എല്‍ തന്റെ കരിയറില്‍ ഉണ്ടാക്കിയ മാറ്റങ്ങളെകുറിച്ചും മാക്‌സ്വെല്‍ പറഞ്ഞു.

‘വര്‍ഷങ്ങളായി ഞാന്‍ ഐ.പി.എല്‍ കളിക്കുന്നുണ്ട്, ഇത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഞാന്‍ വലിയ കളിക്കാരുമായും പരിശീലകരുമായും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇത് എനിക്ക് വളരെ പ്രയോജനങ്ങളാണ് ഉണ്ടാക്കിയത്. എ.ബി ഡിവില്ലിയേഴ്‌സിനും വിരാട് കോഹ്ലിക്കും ഒപ്പം രണ്ടുമാസത്തോളം ഞാന്‍ ഒരു ടീമില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഏതൊരു ക്രിക്കറ്റ് താരത്തിനും നല്‍കുന്ന ഏറ്റവും വലിയ അനുഭവമാണ്,’ മാക്‌സ്‌വെൽ കൂട്ടിച്ചേര്‍ത്തു.

Content Highlight: Glen Maxwell talks about his future in IPL.

We use cookies to give you the best possible experience. Learn more