|

ടി-20യേക്കാള്‍ വേഗം ഏകദിനത്തിന്; സിംഹാസനത്തില്‍ നിന്നും ഗെയ്‌ലിനെ പടിയിറക്കിവിട്ട് മാക്‌സി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ചാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ സെഞ്ച്വറി നേടിയത്. നേരിട്ട 40ാം പന്തിലാണ് മാക്‌സ്‌വെല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയതിന്റെ റെക്കോഡാണ് ഓസീസ് സൂപ്പര്‍ താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

എന്നാല്‍ ഈ സെഞ്ച്വറിക്ക് പ്രത്യേകതകളേറെയാണ്. ലിമിറ്റഡ് ഓവര്‍ വേള്‍ഡ് കപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്. ടി-20 ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡിനേക്കാള്‍ ഏഴ് പന്ത് കുറവ് നേരിട്ടാണ് മാക്‌സ്‌വെല്‍ നൂറടിച്ചത്.

2016ല്‍ ക്രിസ് ഗെയ്‌ലാണ് ടി-20 ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കുറിച്ചത്. എന്നാല്‍ 40ാം പന്തില്‍ മാക്‌സ്‌വെല്‍ ട്രിപ്പിള്‍ ഡിജിറ്റിലെത്തിയതോടെ ലിമിറ്റഡ് ഓവര്‍ വേള്‍ഡ് കപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡും ഓസീസ് താരത്തിന്റെ പേരിലായി.

ടി-20 ലോകകപ്പിലെ വേഗതയേറിയ സെഞ്ച്വറികള്‍

(താരം – രാജ്യം – എതിരാളികള്‍ – സെഞ്ച്വറി നേടാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 47 – 2016

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക – 50 – 2007

ബ്രെണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് – 51 – 2012

റിലി റൂസോ – സൗത്ത് ആഫ്രിക്ക – ബംഗ്ലാദേശ് – 52 – 2012

അഹ്‌മ്മദ് ഷെഹസാദ് – പാകിസ്ഥാന്‍ – ബംഗ്ലാദേശ് – 58 – 2014

ലിമിറ്റഡ് ഓവര്‍ വേള്‍ഡ് കപ്പിലെ വേഗതയേറിയ സെഞ്ച്വറികള്‍

(താരം – രാജ്യം – എതിരാളികള്‍ – സെഞ്ച്വറി നേടാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം – ഫോര്‍മാറ്റ് എന്നീ ക്രമത്തില്‍)

ഗ്ലെന്‍ മാക്‌സ് വെല്‍ – ഓസ്‌ട്രേലിയ – നെതര്‍ലന്‍ഡ്‌സ് – 40 – 2003 – ഏകദിനം

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 47 – 2016 – ടി20

ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക – ശ്രീലങ്ക – 49 – 2023 – ഏകദിനം

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക – 50 – 2007 – ടി20

കെവിന്‍ ഒബ്രയന്‍ – അയര്‍ലന്‍ഡ് – ഇംഗ്ലണ്ട് – 50 – 2011 – ഏകദിനം

മാക്‌സ് വെല്ലിന്റെ ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്കുയര്‍ന്നിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് ഓസീസ് നേടിയത്. മാക്‌സ്‌വെല്ലിന് പുറമെ ഡേവിഡ് വാര്‍ണറും മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

400 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 90 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ 309 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാര്‍ജിനാണിത്. ലോകകപ്പില്‍ 300+ റണ്‍സിന് വിജയിച്ച ആദ്യ ടീമാകാനും ഇതോടെ ഓസ്‌ട്രേലിയക്കായി.

Content highlight: Glen Maxwell scored fastest century in limited over world cup

Video Stories