| Tuesday, 7th November 2023, 11:02 pm

ചോര തുപ്പി വീണ യുവിയെ പോലെ ഇവനെയും ലോകം വാഴ്ത്തും; ഒറ്റക്കാലില്‍ അടിച്ചുനേടിയ സെമി ഫൈനല്‍

ആദര്‍ശ് എം.കെ.

പോരാട്ടവീര്യത്തിന്റെ പര്യായമായാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന 35കാരന്‍ മാറിയത്. തന്റെ പരിക്കിനേക്കാളും ആരാധകരുടെ പ്രത്യാശയും ടീമിന്റെ സെമി ഫൈനല്‍ മോഹവുമാണ് മാക്‌സ് വെല്ലിനെ ക്രീസില്‍ തുടരാന്‍ പ്രേരിപ്പിച്ചത്.

അഫ്ഗാനെതിരായ മത്സരത്തില്‍ പലപ്പോഴും ഒറ്റക്കാലില്‍ നിന്നുകൊണ്ടാണ് മാക്‌സ്‌വെല്‍ ബാറ്റ് വീശിയത്. വേദന തിന്നുമ്പോഴും ടീമിന്റെ വിജയം മാത്രമാണ് അവന്‍ മുമ്പില്‍ കണ്ടത്.

തനിക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് കരുതി പാഡണിഞ്ഞ് ക്രീസിലെത്താനൊരുങ്ങിയ ആദം സാംപയെ തടഞ്ഞുനിര്‍ത്തിയാണ് മാക്‌സ്‌വെല്‍ ബാറ്റിങ് തുടര്‍ന്നത്.

ആ പോരാട്ടവീര്യത്തിന് ലോകം കയ്യടിച്ചപ്പോള്‍ ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ രണ്ടാമത് ഇരട്ട സെഞ്ച്വറിയും ലോകകപ്പിലെ വേഗമേറിയ ഇരട്ട സെഞ്ച്വറിയും വാംഖഡെയില്‍ പിറന്നു. ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന മൂന്നാമത് മാത്രം ബാറ്ററായും ഇതോടെ മാക്‌സ്‌വെല്‍ മാറി.

91ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെ 293ന് ഏഴ് എന്ന നിലയിലെത്തിച്ച പോരാട്ട വീര്യത്തിന്റെ പേരാണ് ഗ്ലെന്‍ മാക്‌സ് വെല്‍. 21 ബൗണ്ടറിയും പത്ത് സിക്‌സറുമായി കളം നിറഞ്ഞാടിയ മാക്‌സ്‌വെല്‍ കളിക്കളത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. വേദന തിന്നുമ്പോഴും അത് മറക്കാന്‍ അവന് വേണ്ടിയിരുന്നത് ടീമിന്റെ വിജയം മാത്രമായിരുന്നു. അതവന്‍ നേടിയെടുക്കുകയും ചെയ്തു.

ഒരുവശത്ത് മാക്‌സ് വെല്‍ അടിച്ചുതകര്‍ക്കുമ്പോള്‍ മറുവശത്ത് മികച്ച പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെയും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. 68 പന്ത് നേരിട്ട്, ഒറ്റ ഫോര്‍ മാത്രമടിച്ച് 12 റണ്‍സാണ് കമ്മിന്‍സ് നേടിയത്. എന്നാല്‍ ആ റണ്‍സിനേക്കാളുപരി ക്രീസില്‍ നിന്ന് നേരിട്ട ആ പന്തുകളാണ് കമ്മിന്‍സിനെയും ഹീറോയാക്കുന്നത്.

തോല്‍വി കണ്‍മുമ്പില്‍ കണ്ട ഓസ്‌ട്രേലിയയില്‍ നിന്നും പ്രതാപകാലത്തെ മൈറ്റി ഓസീസിലേക്കുള്ള പരകായ പ്രവേശമായിരുന്നു മാക്‌സിയിലൂടെ ആരാധകര്‍ വാംഖഡെയില്‍ കണ്ടത്.

ഈ വിജയത്തിന് പിന്നാലെ മറ്റൊരു നേട്ടവും ഓസ്‌ട്രേലിയയെ തേടിയെത്തി. ലോകകപ്പില്‍ ഓസ്‌ട്രേലിയ ചെയ്‌സ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. നേരത്തെ ഇന്ത്യക്കെതിരെ നേടിയ 258 റണ്‍സാണ് ലോകകപ്പില്‍ ഓസീസ് പിന്തുടര്‍ന്ന് നേടിയ ഉയര്‍ന്ന വിജയം.

ഈ വിജയത്തിന് പിന്നാലെ സെമിയില്‍ പ്രവേശിക്കാനും ഓസ്‌ട്രേലിയക്കായി. നിലവില്‍ എട്ട് മത്സരത്തില്‍ നിന്നും ആറ് വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഓസീസ്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ഇബ്രാഹിം സദ്രാന്റെ അപരാജിത സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. സദ്രാന്‍ 143 പന്തില്‍ പുറത്താകാതെ 129 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ 35 റണ്‍സുമായി റാഷിദ് ഖാനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

നവംബര്‍ 11നാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

Content highlight: Glen Maxwell’s incredible batting against Afghanistan

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more