|

ഫിഫ്റ്റിയില്‍ നിന്നും സെഞ്ച്വറിയിലേക്കുള്ള ദൂരം 2.2 ഓവര്‍; 80ല്‍ നിന്നും നൂറിലേക്ക് നാല് പന്തും

സ്പോര്‍ട്സ് ഡെസ്‌ക്

നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പ് മത്സരത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ചാണ് മാക്‌സി സെഞ്ച്വറി നേടിയത്.

ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോഡാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്. 18 ദിവസം മുമ്പ് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രം നേടിയ 49 പന്തിലെ സെഞ്ച്വറി നേട്ടത്തിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരങ്ങള്‍ (നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍)

(താരം – രാജ്യം – എതിരാളികള്‍ – നേരിട്ട പന്ത് – വര്‍ഷം എന്നീ ക്രമത്തില്‍)

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്ട്രേലിയ – നെതര്‍ലന്‍ഡ്സ് – 40 – 2023

ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക – ശ്രീലങ്ക – 49 – 2023

കെവിന്‍ ഒബ്രയന്‍ – അയര്‍ലന്‍ഡ് – ഇംഗ്ലണ്ട് – 50 – 2011

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്ട്രേലിയ – ശ്രീലങ്ക – 51 – 2015

എ.ബി. ഡി വില്ലിയേഴ്സ് – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 52 – 2015

ബീസ്റ്റ് മോഡിലാണ് മാകസ്‌വെല്‍ ദല്‍ഹിയില്‍ ബാറ്റ് വീശിയത്. കണ്ണ് ചിമ്മി തുറക്കുന്ന വേഗതയിലായിരുന്നു തന്റെ അര്‍ധ സെഞ്ച്വറി മാക്‌സി സെഞ്ച്വറിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്തത്.

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ 46.2ാം ഓവറിലാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ 48.4ാം ഓവര്‍ ആയപ്പോഴേക്കും മാക്‌സ്‌വെല്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 80ല്‍ നിന്നും നാല് പന്ത് നേരിട്ടാണ് താരം നൂറിലെത്തിയത്.

മാക്‌സ്‌വെല്ലിന് പുറമെ ഡേവിഡ് വാര്‍ണറും ഓസീസ് നിരയില്‍ സെഞ്ച്വറി നേടിയിരുന്നു. 93 പന്തില്‍ നിന്നും 109 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ലോകകപ്പില്‍ താരത്തിന്റെ ആറാം സെഞ്ച്വറി നേട്ടമാണിത്.

ഇരുവരുടെയും സെഞ്ച്വറി കരുത്തില്‍ ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി. നെറ്റ് റണ്‍ റേറ്റ് ഉയര്‍ത്താനുള്ള ഓസീസിന്റെ ശ്രമം ഫലവത്താക്കുന്ന പ്രകടനമാണ് മാക്‌സ്‌വെല്‍ അടക്കമുള്ള ബാറ്റര്‍മാര്‍ നടത്തിയത്.

അതേസമയം, 400 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. നിലവില്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ 86 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് നെതര്‍ലന്‍ഡ്.

Content Highlight: Glen Maxwell’s brilliant innings against Netherlands