| Wednesday, 25th October 2023, 7:05 pm

ഫോമിലേക്ക് മടങ്ങിയെത്തുമ്പോള്‍ മിനിമം 48 വര്‍ഷത്തിന്റെ റെക്കോഡെങ്കിലും തകര്‍ക്കണ്ടേ... കാത്തിരുന്ന ഇന്ത്യന്‍ മണ്ണിലെ താണ്ഡവം

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ 24ാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പടുകൂറ്റന്‍ ടോട്ടല്‍ നേടി ഓസ്‌ട്രേലിയ. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 399 റണ്‍സാണ് കങ്കാരുക്കള്‍ സ്വന്തമാക്കിയത്.

ഡേവിഡ് വാര്‍ണറിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. വാര്‍ണര്‍ 93 പന്തില്‍ 104 റണ്‍സ് നേടിയപ്പോള്‍ 44 പന്തില്‍ 106 റണ്‍സടിച്ചാണ് മാക്‌സ്‌വെല്‍ തരംഗമായത്.

ഇന്ത്യന്‍ പിച്ചുകളില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനുള്ള അധീശത്വം ഏതൊരു ടീമിനും തലവേദന സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. എന്നാല്‍ ഇതുവരെ തന്റെ പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ മാക്‌സിക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍ അതിനെല്ലാം പ്രായശ്ചിത്തം ചെയ്തുകൊണ്ടാണ് മാക്‌സ്‌വെല്‍ 2023 ലോകകപ്പിലെ തന്റെ കന്നി സെഞ്ച്വറി ആഘോമാക്കിയത്.

ഒമ്പത് ബൗണ്ടറിയും എട്ട് സിക്‌സറും അടക്കമാണ് മാക്‌സ്‌വെല്‍ ഡച്ച് ബൗളര്‍മാര്‍ക്ക് മേല്‍ പടര്‍ന്നുകയറിയത്. 240.91 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ്.

നേരിട്ട 40ാം പന്തിലാണ് മാക്‌സ്‌വെല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ ടണ്‍ നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും താരത്തെ തേടിയെത്തിയിരുന്നു. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഈ വര്‍ഷം ശ്രീലങ്കക്കെതിരെ ഏയ്ഡന്‍ മര്‍ക്രം കുറിച്ച റെക്കോഡാണ് മാക്‌സ്‌വെല്‍ പഴങ്കഥയാക്കിയത്.

ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – രാജ്യം – എതിരാളികള്‍ – നേരിട്ട പന്ത് – വര്‍ഷം എന്നീ ക്രമത്തില്‍)

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – നെതര്‍ലന്‍ഡ്‌സ് – 40 – 2023

ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക – ശ്രീലങ്ക – 49 – 2023

കെവിന്‍ ഒബ്രയന്‍ – അയര്‍ലന്‍ഡ് – ഇംഗ്ലണ്ട് – 50 – 2011

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – ശ്രീലങ്ക – 51 – 2015

എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 52 – 2015

ഇതിന് പുറമെ ഏകദിനത്തിലം ഏറ്റവും വേഗതയേറിയ നാലാമത് സെഞ്ച്വറിയായും ഇത് മാറി.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – രാജ്യം – എതിരാളികള്‍ – നേരിട്ട പന്ത് – വര്‍ഷം എന്നീ ക്രമത്തില്‍)

എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 31 – 2015

കോറി ആന്‍ഡേഴ്‌സണ്‍ – ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 36 – 2014

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – ശ്രീലങ്ക – 37 – 1996

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – നെതര്‍ലന്‍ഡ്‌സ് – 40 – 2023

ആസിഫ് ഖാന്‍ – യു.എ.ഇ – നേപ്പാള്‍ – 41 – 2023

അതേസയമം, മത്സരത്തില്‍ മാക്‌സ്‌വെല്ലിനും വാര്‍ണറിനും പുറമെ സ്റ്റീവ് സ്മിത്തും മാര്‍നസ് ലബുഷാനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. സ്മിത്ത് 68 പന്തില്‍ 71 റണ്‍സടിച്ചപ്പോള്‍ ലബുഷാന്‍ 47 പന്തില്‍ 62 റണ്‍സും നേടി.

നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാസ് ഡി ലീഡ് രണ്ട് വിക്കറ്റും ആര്യന്‍ ദത്ത് ഒരു വിക്കറ്റും വീഴ്ത്തി.

Content highlight: Glen Maxwell hits fastest century in World Cup

We use cookies to give you the best possible experience. Learn more