ലോകകപ്പിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ചാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. തോല്‍വിയില്‍ നിന്നും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയാണ് മാക്‌സ്‌വെല്‍ കങ്കാരുപ്പടയുടെ രക്ഷകനായത്.
91 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ തോല്‍വി മുമ്പില്‍ കണ്ട ഓസ്‌ട്രേലിയ മാക്‌സിയുടെ ഇന്നിങ്‌സില്‍ വിജയത്തിലേക്ക് പറന്നിറങ്ങുകയായിരുന്നു.
ഈ ഇന്നിങ്‌സിന് പിന്നാലെ ലോകകപ്പിലെ റെക്കോഡുകള്‍ മാത്രമല്ല ഏകദിന ഫോര്‍മാറ്റിലെയും പല റെക്കോഡുകളും മാക്‌സ്‌വെല്‍ തിരുത്തിക്കുറിച്ചിരിക്കുകയാണ്.
ഏകദിനത്തില്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറായി മാക്‌സ്‌വെല്ലിന്റെ 128 പന്തിലെ 201 റണ്‍സ് മാറിയിരിക്കുകയാണ്. മഹോജ്ജ്വല പാരമ്പര്യം പേറുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയും ഇതുതന്നെയാണ്.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഓപ്പണറല്ലാത്ത ആദ്യ താരം എന്ന റെക്കോഡാണ് മാക്‌സ്‌വെല്‍ ഇതിനൊപ്പം സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ ആറാം നമ്പറില്‍ ഇറങ്ങിയാണ് മാക്‌സ് വെല്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഏകദിനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് റണ്‍ ചെയ്‌സിനിടെ ഒരു ബാറ്റര്‍ ഇരട്ട സെഞ്ച്വറി നേടുന്നത്. ഇക്കാലമത്രയും പിറന്ന ഇരട്ട സെഞ്ച്വറികളെല്ലാം തന്നെ ആദ്യ ഇന്നിങ്‌സിലായിരുന്നു പിറന്നത്.
ലോകകപ്പിന്റെ ചരിത്രത്തില്‍ അഞ്ചാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായും ഏറ്റവുമധികം 100+ സ്‌കോര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായും ഇതോടെ മാക്‌സ്‌വെല്‍ മാറി.
Glenn Maxwell overcame adversities to smash a record double ton in an epic Australia win ⚡
മാക്‌സ്‌വെല്ലിന്റെ ഈ അപരാജിത പ്രകടനം ക്രിക്കറ്റിന്റെയും ലോകകപ്പിന്റെയും ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതിവെക്കപ്പെടും എന്നുള്ള കാര്യത്തില്‍ തര്‍ക്കമേതുമില്ല. മാക്‌സ്‌വെല്ലിന്റെ ഈ ഇന്നിങ്‌സ് ലൈവ് കാണാന്‍ സാധിച്ചത് പോലും ഭാഗ്യമെന്ന് കരുതിയാല്‍ പോലും അതില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് പോലും പറയേണ്ടി വരും.
ഈ വിജയത്തിന് പിന്നാലെ ഓസ്‌ട്രേലിയയെ സെമി ഫൈനലിലെത്തിക്കാനും മാക്‌സ്‌വെല്ലിന് സാധിച്ചു. പരിക്ക് വകവെക്കാതെ പൊരുതി നേടിയ ഈ വിജയത്തിന് ഓസ്‌ട്രേലിയയുടെ ആറാം ലോകകപ്പ് നേട്ടം എന്ന് അര്‍ത്ഥം കല്‍പിക്കപ്പെടുമോ എന്നുള്ളത് കണ്ടറിയുക തന്നെ വേണം.
Content highlight: Glen Maxwell broke several records against Afghanistan