| Wednesday, 23rd November 2022, 4:36 pm

'സൂര്യകുമാറിനെ ടീമിലെത്തിക്കാന്‍ മാത്രം പൈസയൊന്നും ഞങ്ങളുടെ അടുത്തില്ല, അവനെ വാങ്ങണമെങ്കില്‍ ബാക്കിയുള്ളവരെ മുഴുവന്‍ ഒഴിവാക്കേണ്ടി വരും'

സ്പോര്‍ട്സ് ഡെസ്‌ക്

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ ടി-20 സ്‌പ്യെലിസ്റ്റ് ബാറ്ററായി മാറിയ താരമാണ് സൂര്യകുമാര്‍ യാദവ്. കണ്ണില്‍ കാണുന്ന ബൗളര്‍മാരുടെ വലിപ്പചെറുപ്പം കണക്കിലെടുക്കാതെ കടന്നാക്രമിക്കാന്‍ കെല്‍പുള്ള താരമായിട്ടാണ് സൂര്യകുമാറിന്റെ വളര്‍ച്ച.

ഗ്രൗണ്ടിന്റെ ഏത് കോണിലേക്കും പന്തടിച്ചു പറത്തുന്ന ഇന്ത്യയുടെ 360 ബാറ്ററായ സൂര്യകുമാറിനെ ഡി വില്ലിയേഴ്‌സിനൊപ്പമാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും പുറത്തായാലും സാരമില്ല ഇനിയിറങ്ങാന്‍ സൂര്യകുമാറുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിലേക്ക് ആരാധകര്‍ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു.

ഈയിടെ അവസാനിച്ച ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലും ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായത് സൂര്യകുമാര്‍ തന്നെയായിരുന്നു. താരത്തിന്റെ സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

മത്സരത്തില്‍ സൂര്യകുമാറിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് സ്‌കൈയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുന്നത്.

‘മത്സരം നടക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു. പക്ഷേ കുറച്ച് സമയത്തിന് ശേഷം സ്‌കോര്‍ കാര്‍ഡ് കണ്ട ഞാന്‍ അത്ഭുപ്പെട്ടുപോയി. സ്‌കോര്‍ കാര്‍ഡിന്റെ ചിത്രം ഫിഞ്ചിക്ക് (ആരോണ്‍ ഫിഞ്ച്) അയച്ചുകൊടുത്ത് ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നാണ് ഞാന്‍ ചോദിച്ചത്.

അവന്‍ മറ്റേതോ ഗ്രഹത്തില്‍ നിന്നും വന്നവനെ പോലെയായിരുന്നു. മറ്റെല്ലാവരുടെയും റണ്‍സ് നോക്കൂ, എന്നിട്ട് ഇവന്റെയും, 50 പന്തില്‍ നിന്നും 111 റണ്‍സാണ് നേടിയിരിക്കുന്നത്,’ ദി ഗ്രേഡ് ക്രിക്കറ്റര്‍ എന്ന പരിപാടിക്കിടെ താരം പറഞ്ഞു.

‘അടുത്ത ദിവസം മത്സരത്തിന്റെ മുഴുവന്‍ റീ പ്ലേയും ഞാന്‍ ഇരുന്നുകണ്ടു. അവന്‍ മറ്റെല്ലാവരേക്കാളും മികച്ച ബാറ്ററാണ്. ഞങ്ങളാരും തന്നെ അത്രത്തോളം മികവ് പുലര്‍ത്തിയിട്ടില്ല. അതാലോചിക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നു,’ മാക്‌സി കൂട്ടിച്ചേര്‍ത്തു.

സൂര്യകുമാര്‍ യാദവിനെ ബിഗ് ബാഷ് ലീഗില്‍ (ബി.ബി.എല്‍) കൊണ്ടുവന്നുകൂടേ എന്ന് തമാശയായി ചോദിച്ചപ്പോള്‍ സൂര്യകുമാറിനെ വാങ്ങാന്‍ മാത്രം പൈസയൊന്നും തങ്ങളുടെ പക്കല്‍ ഉണ്ടാവില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

‘അതിന് ഒരു സാധ്യതയുമില്ല. ഞങ്ങളുടെ കയ്യില്‍ അത്രയൊന്നും പൈസയുണ്ടാവില്ല. അതിനായി ഞങ്ങള്‍ മറ്റെല്ലാ കളിക്കാരെയും പുറത്താക്കേണ്ടി വരും. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി കരാറിലെത്തിയ എല്ലാവരേയും ഞങ്ങള്‍ പുറത്താക്കേണ്ടി വരും,’ എന്നായിരുന്നു താരം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്.

ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയുടെ തിരക്കിലാണ് സൂര്യകുമാറിപ്പോള്‍. നവംബര്‍ 25നാണ് പരമ്പരയിലെ ആദ്യ മത്സരം.

Content highlight: Glen Maxwell about Suryakumar Yadav

We use cookies to give you the best possible experience. Learn more