ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ കളിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ദീർഘ നാളത്തെ ഫോമില്ലായ്മക്കും തകർച്ചക്കും ശേഷം തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തിയിരിക്കുകയാണ് ക്ലബ്ബ്. പുതിയ ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗിന്റെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ ജൈത്രയാത്ര.
എന്നാലിപ്പോൾ യുണൈറ്റഡിന്റെ വില്പനയെ സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.
ഖത്തർ ഇസ്ലാമിക് ബാങ്കിന്റെ ചെയർമാനായ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനിയാണ് യുണൈറ്റഡിനെ വാങ്ങാനായി ഖത്തറിൽ നിന്നും ബിഡ് സമർപ്പിച്ചിട്ടുള്ളത്.
ഏകദേശം നാല് ബില്യൺ ഡോളറിനാകും ഷെയ്ഖ് ജാസിം അൽ താനി യുണൈറ്റഡിനെ വാങ്ങുക എന്ന റിപ്പോർട്ടുകളായിരുന്നു മുമ്പ് പുറത്ത് വന്നിരുന്നത്.
എന്നാലിപ്പോൾ യുണൈറ്റഡിന്റെ മുഴുവൻ ഓഹരിയും വാങ്ങാൻ താൽപര്യമുള്ളവർക്ക് മാത്രമേ യുണൈറ്റഡ് വിൽക്കേണ്ടതുള്ളൂ എന്ന് ക്ലബ്ബ് ഉടമകളായ ഗ്ലെസേഴ്സ് കുടുംബം തീരുമാനിച്ചു എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
അമേരിക്കൻ മാധ്യമ പ്രവർത്തകനായ ബെൻ ജേക്കബ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അൽ താനിയെ കൂടാതെ സർ ജിം റാക്ലിഫും യുണൈറ്റഡിനെ വാങ്ങാനായുള്ള ബിഡ് സമർപ്പിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. യുണൈറ്റഡിന്റെ വലിയ ആരാധകൻ എന്ന നിലയിൽ പ്രശസ്തനാണ് ജിം റാക്ലിഫ്.
എന്നാലിപ്പോൾ അഞ്ച് മുതൽ ആറ് ബില്യൺ ഡോളർ വരെയാണ് ഗ്ലെസേഴ്സ് യുണൈറ്റഡിന്റെ വിലയായി തീരുമാനിച്ചിരിക്കുന്നത് എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.