[] ഗ്ലാസ്ഗോ: ബ്രിട്ടനും പണ്ട് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന രാജ്യങ്ങളും മാറ്റുരക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഇന്ന് തുടക്കം.
71 രാജ്യങ്ങളില്‍ നിന്നായി 4,500 കായികതാരങ്ങളാണ് ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ ഗ്ലാസ്ഗോയില്‍ എത്തിയിരിക്കുന്നത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 18 ഇനങ്ങളിലായി 261 മെഡലുകളാണ് വിജയികള്‍ക്കായി സമ്മാനിക്കപ്പെടുക.
14 കായിക ഇനങ്ങളില്‍ മത്സരിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ 215 താരങ്ങളാണുള്ളത്. 2010ല്‍ ദല്‍ഹിയില്‍ നടന്ന ഗെയിംസില്‍ 101 മെഡലുകളുമായി ഇന്ത്യക്ക് രണ്ടാം സ്ഥാനമായിരുന്നു. എന്നാല്‍ ഇത്തവണ ഗെയിംസില്‍ നിന്ന് ആര്‍ച്ചറിയും ടെന്നീസും ഒഴിവാക്കിയതും ഷൂട്ടിങ്ങിലും ഗുസ്തിയിലും മെഡലുകള്‍ കുറച്ചതും ഇന്ത്യക്ക് വന്‍തിരിച്ചടിയാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ 2010-ലേതിനുശേഷമുള്ള ഇന്ത്യയുടെ രണ്ടാം വലിയ സംഘമാണ് ഇത്തവണത്തേത്. അത്‌ലറ്റിക്‌സിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത്.
സംഘത്തില്‍ 12 മലയാളികളുണ്ട്. മയൂഖാ ജോണി, ടിന്റു ലൂക്ക, കുഞ്ഞുമുഹമ്മദ്, സച്ചിന്‍ റോബി, ജിത്തു ബേബി, ജിബിന്‍ സെബാസ്റ്റ്യന്‍, വി. ശാന്തിനി, മെര്‍ലിന്‍ കെ. ജോസഫ്, അനില്‍ഡ തോമസ് തുടങ്ങിയവര്‍ അത്‌ലറ്റിക്‌സിലും പി.സി. തുളസി ബാഡ്മിന്റണ്‍, ദീപിക പള്ളിക്കല്‍ സ്‌ക്വാഷ്, പി.ആര്‍. ശ്രീജേഷ് ഹോക്കി ടീമിലും മത്സരിക്കുന്നു. ഇന്ത്യന്‍ സ്പ്രിന്റ് ടീമിന്റെ കോച്ച് പി.ടി. ഉഷയും ജംപ് ടീമിന്റെ കോച്ച് ശ്യാംകുമാറുമാണ് പരിശീലകരുടെ കൂട്ടത്തിലുള്ള മലയാളികള്‍.
മൊത്തം മെഡലുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഷൂട്ടിങ്ങില്‍തന്നെയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ അഭിനവ് ബിന്ദ്ര, വിജയ് കുമാര്‍, ഗഗന്‍ നരംഗ്, എന്നിവരുള്‍പ്പെട്ട ലോകോത്തര ഷൂട്ടര്‍മാരുടെ സംഘമാണ് ഇന്ത്യക്കുവേണ്ടി മത്സരിക്കുന്നത്. ഡല്‍ഹി ഗെയിംസില്‍ 14 സ്വര്‍ണമടക്കം 30 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ ഇനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്നായിരുന്നു സൈന നെഹ്‌വാള്‍. പരിക്ക് മൂലം സൈന പിന്മാറിയതോടെ പി.വി സിന്ധു, കശ്യപ്, ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം എന്നിവരാണ് ഈ ഇനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ ഇന്ത്യ 4 മെഡലുകളാണ് ബാഡ്മിന്റണ്‍ ഇനത്തില്‍ നിന്നും സ്വന്തമാക്കിയത്. ദല്‍ഹി ആതിഥേയത്വം വഹിച്ച 2010ല്‍ വനിതാ സിംഗിള്‍ വിഭാഗത്തില്‍ സൈന, പുരുഷ സിംഗിള്‍ വിഭാഗത്തില്‍ സേഥ് മോദി, ഡബിള്‍സില്‍ ജ്വാല-അശ്വിനി സംഖ്യം എന്നിവര്‍ മൂന്നു മെഡലുകള്‍ രാജ്യത്തിന് നല്‍കി. 1978ലെ കോമണ്‍വെല്‍ത്തില്‍ പ്രകാശ് പദുക്കോണ്‍ നേടിയ സ്വര്‍ണ്ണമെഡലാണ് രാജ്യത്തെ ആദ്യ ബാഡ്മിന്റണ്‍ മെഡല്‍.
ടോപ് സീഡായ സൈനയുടെ അഭാവം പരിഹരിക്കാന്‍ രണ്ടാം സീഡായ സിന്ധുവിന് കഴിയുമോ എന്നതാണ് അറിയേണ്ടത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ സൈന പതറിയെങ്കിലും സിന്ധുവിന്റെ വെങ്കലനേട്ടം ശ്രദ്ധേയമായിരുന്നു.