| Monday, 23rd September 2024, 10:01 pm

ട്രെയ്‌ലറുകളുടെ പെരുമഴ; റെഡ് വണ്‍ മുതല്‍ ഗ്ലാഡിയേറ്റര്‍2 വരെ; ഒപ്പം മാര്‍വലിന്റെ തണ്ടര്‍ബോള്‍ട്ട്‌സും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമകള്‍ പോലെ തന്നെ അന്യഭാഷ സിനിമകളും ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. ലോക സിനിമയുടെ ഓരോ അപ്‌ഡേഷനുകളും കൃത്യമായി പിന്തുടരുന്നവരാണ് മലയാളികള്‍. ഇന്ന് ലോക സിനിമാപ്രേമികള്‍ക്ക് മുന്നില്‍ പ്രധാനമായും മൂന്ന് സിനിമകളുടെ അപ്‌ഡേഷനുകളാണ് വന്നിട്ടുള്ളത്.

ആദ്യമെത്തിയത് ഡ്വെയ്ന്‍ ജോണ്‍സണും ക്രിസ് ഇവാന്‍സും ഒന്നിച്ച റെഡ് വണ്‍ എന്ന സിനിമയുടെ രണ്ടാമത്തെ ഒഫീഷ്യല്‍ ട്രെയ്‌ലറാണ്. രണ്ടാമത് എത്തിയതാകട്ടെ മാര്‍വല്‍ സ്റ്റുഡിയോയുടെ തണ്ടര്‍ബോള്‍ട്ട്‌സിന്റെ ടീസര്‍ ട്രെയ്‌ലറാണ്. പിന്നാലെ ഗ്ലാഡിയേറ്റര്‍ 2വിന്റെ പുതിയ ട്രെയ്‌ലറുമെത്തി.

റെഡ് വണ്‍:

ക്രിസ് മോര്‍ഗന്‍ എഴുതി ജേക്ക് കസ്ദാന്‍ സംവിധാനം ചെയ്ത ഒരു അമേരിക്കന്‍ ചിത്രമാണ് റെഡ് വണ്‍. ക്രിസ്മസ് ആക്ഷന്‍-അഡ്വഞ്ചര്‍ കോമഡി ചിത്രമാകും ഇത്. ഡ്വെയ്ന്‍ ജോണ്‍സണ്‍, ക്രിസ് ഇവാന്‍സ്, ലൂസി ലിയു, കീര്‍ണന്‍ ഷിപ്ക, ബോണി ഹണ്ട്, നിക്ക് ക്രോള്‍, ക്രിസ്റ്റോഫര്‍ ഹിവ്ജു, ജെ.കെ. സിമ്മണ്‍സ് തുടങ്ങിയ മികച്ച താരനിരയാണ് റെഡ് വണ്ണിനായി ഒന്നിക്കുന്നത്.

മൂന്ന് മിനിട്ടില്‍ അധികം ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് റെഡ് വണ്ണിന്റേതായി പുറത്ത് വന്നിരിക്കുന്നത്. ട്രെയ്‌ലറിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഈ വര്‍ഷം നവംബര്‍ 15നാണ് തിയേറ്ററുകളില്‍ റിലീസിന് എത്തുക.

തണ്ടര്‍ബോള്‍ട്ട്‌സ്:

മാര്‍വല്‍ കോമിക്‌സ് ടീമായ തണ്ടര്‍ബോള്‍ട്ട്‌സിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഏറ്റവും പുതിയ അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ് തണ്ടര്‍ബോള്‍ട്ട്‌സ്. മാര്‍വല്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ഈ ചിത്രം വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോ മോഷന്‍ പിക്‌ചേഴ്‌സാണ് വിതരണത്തിന് എത്തിക്കുന്നത്.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ 36ാമത്തെ ചിത്രമാണ് തണ്ടര്‍ബോള്‍ട്ട്‌സ്. ഡേവിഡ് ഹാര്‍ബര്‍, ഹന്ന ജോണ്‍ കാമെന്‍, ജൂലിയ ലൂയിസ് ഡ്രെഫസ്, സെബാസ്റ്റ്യന്‍ സ്റ്റാന്‍, വ്യാറ്റ് റസ്സല്‍, ജെറാള്‍ഡിന്‍ വിശ്വനാഥന്‍, ലൂയിസ് പുള്‍മാന്‍ തുടങ്ങിയ മികച്ച താരനിരയാണ് തണ്ടര്‍ബോള്‍ട്ട്‌സിനായി ഒന്നിക്കുന്നത്.

തണ്ടര്‍ബോള്‍ട്ട്‌സിന്റെ മൂന്നര മിനിട്ടോളം ദൈര്‍ഘ്യമുള്ള ടീസര്‍ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്ത് വന്നത്. മാര്‍വല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇത്. ചിത്രം 2025 മെയ് മാസത്തില്‍ തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലാഡിയേറ്റര്‍2

സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ഗ്ലാഡിയേറ്റര്‍2. 2000ല്‍ പുറത്തിറങ്ങിയ ഗ്ലാഡിയേറ്ററിന്റെ തുടര്‍ച്ചയാണ് ഈ സിനിമ. റിഡ്ലി സ്‌കോട്ട് സംവിധാനം ചെയ്ത ചിത്രം ഒരു ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഴോണറിലാണ് ഉള്‍പ്പെടുന്നത്. പോള്‍ മെസ്‌കല്‍, പെഡ്രോ പാസ്‌കല്‍, ജോസഫ് ക്വിന്‍, ഫ്രെഡ് ഹെച്ചിംഗര്‍, കോന്നി നീല്‍സണ്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്.

രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് ഗ്ലാഡിയേറ്റര്‍ 2വിന്റേതായി പുറത്തുവന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു നല്‍കിയത്. എന്നാണ് ഇന്നെത്തിയ ട്രെയ്‌ലറിന്റെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഈ വര്‍ഷം നവംബര്‍ 22നാകും റിലീസിന് എത്തുക.


Content Highlight: Gladiator2, Red One And Thuderbolts Movies Trailer Out

We use cookies to give you the best possible experience. Learn more