| Wednesday, 12th April 2017, 5:44 pm

മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങളുടെ പ്രയോരിറ്റി തെറ്റാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചോദ്യം ഉന്നയിക്കുന്നവര്‍ക്കെതിരെ വ്യക്തിവിരോധം തീര്‍ക്കുന്നയാളുടെ കയ്യിലാണ് ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ അധികാരങ്ങളുമെന്നത് യാഥാര്‍ത്ഥ്യമായി കണ്‍മുമ്പിലുണ്ട്. ഡോം എന്ന സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സൈബര്‍ ചാരസംഘം നിരീക്ഷിക്കുന്നതിനാല്‍ സ്വന്തം പേര് വെളിപെടുത്താന്‍ ഭയവുമുണ്ട്. അതിനാല്‍ സ്വയം ഗ്ലാഡിയേറ്റര്‍ എന്ന പേര് സ്വീകരിക്കുന്നു.

ഇരകളോട് യാതൊരു മമതയും കാണിക്കാത്ത കല്ലുകൊണ്ടൊരു ഹൃദയമുള്ള മനുഷ്യനാണ് വിജയന്‍ എന്നൊരു അഭിപ്രായം എനിക്കെന്തായാലുമില്ല. കാരണം ഇരയുടെ വര്‍ഗ്ഗവും/ജാതിയും പിണറായി വിജയന്റെ മുന്‍ഗണന തീരുമാനിക്കുന്നതില്‍ ഒരു പ്രധാനഘടകമാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് മുതലാളിയും സിനിമ സെലിബ്രിറ്റിയുമായിട്ടുള്ള നടിയോ, മുതലാളിയും മാദ്ധ്യമ മുതലാളിയുമായ നികേഷ് കുമാറോ ആകുമ്പോള്‍ പിണറായി വിജയന്‍ നേരിട്ട് ഇടപെടും, ഫോണില്‍ വിളിക്കും (ഇക്കൂട്ടര്‍ക്കും നീതി ലഭിക്കണം. അതൊരിക്കലുമൊരു തെറ്റായി കാണുന്നില്ലെന്ന് പറയട്ടെ), സ്വാന്തന വാക്കുകള്‍ പറയും.

മമ്മൂട്ടി ഭൂമി കയ്യേറിയതിനെ കുറിച്ച് പറയുമ്പോള്‍ ഉയരങ്ങളില്‍ നിന്നും ഇറങ്ങി വന്നു സാധാരണക്കാരനെ ശകാരിക്കും. പ്രതിസ്ഥാനത്തു ലക്ഷ്മി നായര്‍ പ്രതിയായ കേസില്‍ നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും (സെക്രട്ടേറിയേറ്റിനു തൊട്ടടുത്തുള്ള ലോ അക്കാദമിയുടെ ഭൂമി ദുരപയോഗത്തില്‍ മാസം ഒന്ന് കഴിഞ്ഞിട്ടും ഈ സര്‍ക്കാര്‍ നടപടിയൊന്നുമെടുത്തിട്ടില്ല).

കുണ്ടറയില്‍ കുഞ്ഞുമോന്‍ എന്ന ദലിത് യുവാവ് ലോക്കപ്പില്‍ വെച്ച് കൊലചെയ്യപെടുമ്പോള്‍ വിജയന്‍ നേരിട്ട് ഇടപെടില്ല. മുഖ്യമന്ത്രിയുടെ വസതിയുടെ 10 കിലോമീറ്റര്‍ അകലെ കഴക്കൂട്ടത്ത് ദലിത് യുവാവിനെ അകാരണമായി പൊലീസ് പിടിച്ചുകൊണ്ടു പോയി മര്‍ദ്ദിച്ചതിനു ശേഷം വെറുതെ വിടുമ്പോഴും പൊലീസ് മന്ത്രി അനങ്ങില്ല. ഇങ്ങനെയാണ് പിണറായി വിജയന്‍ എന്ന സി.പി.ഐ.എം നേതാവിന്റെ പ്രയോരിറ്റി ലിസ്റ്റ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുള്ള ആദ്യ ദിവസങ്ങളില്‍ തന്നെ തിരഞ്ഞെടുക്കപെട്ട പത്ര/മാദ്ധ്യമ എഡിറ്റര്‍മാരുടെ യോഗം വിളിച്ചുകൂട്ടുകയും അതില്‍ ഈ സര്‍ക്കാരിന്റെ നയം എന്തായിരിക്കുമെന്ന് തീര്‍ച്ച പെടുത്താവുന്ന വളരെ പ്രധാനപെട്ട ഒരു വിഷയം അവതരിപ്പിക്കുകയുണ്ടായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുമായ് ബന്ധപെട്ട വാര്‍ത്തകള്‍ മാദ്ധ്യമങ്ങളില്‍ പ്രാധാനത്തോടെ കൊടുക്കരുത്.

പിണറായി വിജയന്‍ ഇങ്ങനെ പറയുമ്പോള്‍ ജനാധിപത്യത്തിന്റെ കാവലാളുകളെന്നു നാം ധരിച്ചുവെച്ചിരിക്കുന്ന മാദ്ധ്യമങ്ങളിലെ എഡിറ്റര്‍മാര്‍ മിണ്ടാതെ ഇരുന്നതെയുള്ളൂവെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇതിലൂടെ പ്രസക്തമായ മറ്റൊരു കാര്യം കൂടി വെളിപെട്ടു വരുന്നുണ്ട്. പിണറായി വിജയന്‍ എന്ന ഭരണാധികാരിയ്ക്കു കേരളത്തില്‍ നിലനില്‍ക്കുന്ന വ്യത്യസ്ഥ രാഷ്ട്രീയ ചിന്താ പദ്ധതികളോടും/സംഘടനകളോടുമുള്ള നിലപാടിലെക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇതര ഇടതുപക്ഷ കക്ഷികളേയും വ്യവസ്ഥാ വിരുദ്ധമായി നില്‍ക്കുന്നവരെയും അരികുവല്‍ക്കരിച്ചവരുടെ സംഘടനകളേയും അവഗണിക്കണമെന്നു മാദ്ധ്യമങ്ങളോട് ആവിശ്യപെടുന്ന ഒരു രാഷ്ട്രീയ നേതാവാണിപ്പോള്‍ ഭരണാധികാരിയായി കേരളത്തിനു ലഭിച്ചിട്ടുള്ളതെന്നുള്ളത് ഭീതിജനകമാണ്.

കോണ്‍ഗ്രസ്സിനെതിരെയുള്ള സ്വാഭാവിക ദ്വന്ദ്വം തങ്ങള്‍ ആണെന്നു പറയാന്‍ വിജയന് എളുപ്പമാണ്. അത്രമാത്രം അധഃപതിച്ച നയങ്ങളാണ് കോണ്‍ഗ്രസ്സിനുള്ളത്. അതുതന്നെയാണ് പിണറായി വിജയന്‍ എന്ന രണ്ടാം കരുണാകരന്റെ ആത്മവിശ്വാസവും. മൂലധന അധിഷ്ടിത ഇന്ഫ്രസ്ട്രചറല്‍ വിപണി വികസനം ലക്ഷ്യം വെക്കുന്ന ഭരണാധികാരിക്ക് സ്വാഭാവികമായും നിലവിലെ മുഖ്യധാര (നിയമസഭയില്‍ പ്രാതിനിധ്യമുള്ള) വ്യവസ്ഥവാദി സംഘടനകളില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കാന്‍ ഇടയില്ല.

അഥവാ അവരില്‍ നിന്നും ഉണ്ടായാല്‍ തന്നെ അവരുടെ നയം തങ്ങളില്‍ നിന്നും വിഭിന്നമല്ലെന്ന് ചൂണ്ടികാണിക്കാന്‍ തക്ക പ്രോപഗണ്ട സംവിധാനങ്ങളും പിണറായിയുടെ തന്നെ കാര്‍മികത്വത്തില്‍ സൃഷ്ടിച്ചെടുത്ത ഒരു കൂട്ടം മാദ്ധ്യമപ്രവര്‍ത്തകരുടെ സിന്‍ഡികേറ്റും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുമെന്നും പിണറായി വിജയന് ഉറപ്പുണ്ടായിരിക്കണം. ഇപ്പോള്‍ ഉണ്ടായിട്ടുള്ള സ്വകാര്യ എന്‍ജിനീയര്‍ കോളേജു വിഷയത്തില്‍ കോണ്‍ഗ്രസ്സിനോ ബി.ജെ.പിക്കോ മെച്ചപെട്ട നിലപാടൊന്നും കേരള സമൂഹത്തിനു മുന്നില്‍ വെക്കാനില്ലെന്ന് പകല്‍ പോലെ വ്യക്തമാണ്.

അവരുന്നയിക്കുന്ന ഏക പ്രശ്‌നം മഹിജ എന്ന അമ്മയെ വിജയന്‍ നേരിട്ട് കണ്ടു സംസാരിച്ചില്ലയെന്നുള്ളതു മാത്രമാണ്. നിലവിലെ വ്യവസ്ഥയുടെ സംരക്ഷകരായ ആ പാര്‍ട്ടികളില്‍ നിന്നും ഉണ്ടാവുന്ന ഏറ്റവും വലിയ ആവശ്യം അതായി ചുരുങ്ങുന്നതില്‍ അത്ഭുതം ഇല്ല താനും. എന്നാല്‍ സ്വകാര്യ/കച്ചവട താല്‍പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കാതലായ ചോദ്യങ്ങള്‍ എല്ലാം ഉണ്ടായത് ഈ മുഖ്യധാരക്ക് പുറത്തു നില്‍ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്.

പിണറായി വിജയന്‍ നേരിടാന്‍ വിമുഖത കാണിക്കുന്ന ഈ ഗ്രൂപ്പുകളില്‍ SUCI, RMP, CPI-ML (RedStar) അംബേദ്ക്കറൈറ്റ് മൂവ്‌മെന്റുകള്‍ എന്നിവയെല്ലാമുണ്ട്. ഇവര്‍ക്കാര്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമില്ല താനും. പിണറായി വിജയന്റെ നിയോ ലിബറല്‍ അനുകൂല സാമ്പത്തിക നയങ്ങളെയും (TINA) ആ നയങ്ങളെ സംരക്ഷിക്കുന്ന ഭരണത്തേയും ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയവും, ഇച്ഛാശക്തിയും, വ്യവസ്ഥ വിരുദ്ധതയും, സംഘബോധവും കൈമുതലായുള്ള സംഘടനകള്‍ ഇവരാണെന്നു തിരിച്ചറിയുന്നത് കൊണ്ടാണു അവരുടെ പ്രാതിനിധ്യമില്ലാത്ത നിയമസഭയിലേക്ക് പിണറായി വിജയന്‍ എന്ന ഭരണാധികാരി വിരല്‍ ചൂണ്ടുന്നതെന്ന് ചിന്തിക്കുന്നവര്‍ തിരിച്ചറിയേണ്ടതുണ്ട്.

നിലവില്‍ ബ്രാക്കറ്റില്‍ മാത്രം മാര്‍ക്‌സിസം ഉള്ള അധികാരം വിജയനിസ്റ്റുകളില്‍ കേന്ദ്രീകരിച്ച ഒരു പാര്‍ട്ടി മാത്രമാണിന്നു സി.പി.ഐ.എം. ആവിശ്യത്തിന് ബൂര്‍ഷാ ജനാധിപത്യമുള്ള ഒരു സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പോലുമല്ല. നിലപാടുകളില്‍ സോഷ്യലിസമാണ് ബദല്‍ എന്നുള്ള മുദ്രാവാക്യമില്ലാത്ത പാര്‍ട്ടിയാണിന്നു സി.പി.ഐ.എം ഫിനാന്‍സ് മൂലധനത്തോട് സന്ധിചെയ്തു മുതലാളിത വികസന മോഡല്‍ നടപ്പിലാക്കാന്‍ സര്‍വ്വശക്തിയും ഉപയോഗിക്കാന്‍ തീരുമാനിച്ചുറച്ച പിണറായിയാണ് നേതാവ്.

കിഫ്ബി പോലുള്ള ഫിനാന്‍സ് മൂലധനത്തിന്റെ കണ്‍ഗ്ലാമറെയ്റ്റ് ആണവരുടെ വികസന മോഡല്‍. അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ (വിശേഷിച്ചു മിഡില്‍ ഈസ്റ്റില്‍) പോയി KIFBയില്‍ പണം നിക്ഷേപിക്കാന്‍ കുത്തക മുതലാളിമാരോടു ഇരക്കുന്ന “”മാര്‍ക്‌സിസ്റ്റ്”” ആണു വിജയന്‍. അധികാര വികേന്ദ്രീകരണത്തിന്റെ
ഭാഗമായി പഞ്ചായത്തു ഭരണസമിതികളില്‍ നിക്ഷിപ്തമായിരുന്ന അധികാരങ്ങള്‍ വിജയന്‍ എന്ന ഏകാധിപതി എടുത്തു കളയാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാനും നല്‍കാതിരിക്കാനുമുള്ള പഞ്ചായത്തുകളുടെ അധികാരമാണ് ഈ സര്‍ക്കാര്‍ എടുത്തു കളയുവാന്‍ തീരുമാനിച്ച മറ്റൊരു കാര്യം. അതുപോലെ തന്നെ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന നിയമമാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം. മേല്‍പറഞ്ഞ മൂന്നു പദ്ധതികളും മാര്‍ക്‌സിസ്റ്റ് വിരുദ്ധ പദ്ധതിയാണെന്ന് കാരാട്ടും എസ്.ആര്‍.പിയും ഒഴികെയുള്ള സകല മാര്‍ക്‌സിസ്റ്റുകള്‍ക്കും സമ്മതിക്കുന്ന ഒന്നാണു. രാജ്യസഭയില്‍ മോദിയുടെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ എതിര്‍ക്കുന്ന യെച്ചൂരി ജനറല്‍ സെക്രട്ടറി ആയിരിക്കുന്ന പാര്‍ട്ടിയുടെ കേരളഘടകമാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതെന്നും ഓര്‍ക്കണം. ലാവ്‌ലിന്‍ കരാറിന്റെ ഭാഗമായി കെ.എസ്.ഇ.ബിയെ സ്വകാര്യവല്‍ക്കരിക്കാന്‍ കരാര്‍ ഒപ്പിട്ടുകൊടുത്ത
മഹാനെയാണ് മാര്‍ക്‌സിസ്റ്റ് എന്നു ഭക്തര്‍ വിളിക്കുന്നത്.

ഇതിനിടയില്‍ ഈ സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച്ചകളെ ന്യായീകരിക്കാനായി പോസ്റ്റ് ട്രൂത്ത് വ്യവഹാരങ്ങളാണിപ്പോള്‍ നടക്കുന്നതെന്നു സ്ഥാപിക്കാനും സൈദ്ധാന്തിക ശ്രമങ്ങളുമുണ്ടായി. മുതലാളിത്ത മാദ്ധ്യമങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കടന്നാക്രമിക്കുന്നുവെന്നും നുണകള്‍ പ്രോപഗേറ്റ് ചെയ്യുന്നുമെന്നുമാണ് ഈ നിഷ്‌കളങ്കരുടെ വാദം. വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ മറിച്ചാണ് സംഭവിക്കുന്നതെന്നു കാണാം. അത്തരമൊരു പ്രോപഗാണ്ടയായിരുന്നു പി.ആര്‍.ഡി പരസ്യം.

ജനകീയ സമരങ്ങള്‍ നടക്കുമ്പോള്‍ അതില്‍ ഗൂഢാലോചന ഉണ്ടെന്നു സര്‍ക്കാര്‍ അതിന്റെ മെഷിനറി ഉപയോഗിച്ചു പരസ്യം നല്‍കുന്നതിനെ എന്തു വ്യവഹാരമായാണ് വിലയിരുത്തപെടേണ്ടത്. മറ്റൊന്നു ആ പരസ്യത്തില്‍ വന്നിട്ടുള്ള വാസ്തവവിരുദ്ധമായ സൂചനയാണ് – ജിഷ്ണുവിന്റെ വീട്ടുകാര്‍ മൊത്തം 14 പേര്‍ സമരത്തിനായി വടകരയില്‍നിന്നും തലസ്ഥാനത്തേക്ക് എത്തിയതു സര്‍ക്കാര്‍ പരസ്യത്തില്‍ അതു 6 പേരായി ചുരുങ്ങി. ഇത്തരത്തില്‍ തീര്‍ത്തും ഉത്തരവാദിത്വ രഹിതമായി എങ്ങിനെയാണ് ഒരു സര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നു മനുഷ്യര്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

പോസ്റ്റ് ട്രൂത്ത് വ്യവഹാരങ്ങള്‍ മുതലാളിത്ത ഭരണകൂടങ്ങളുടെ നിര്‍മ്മിതി ആയിരിക്കെ അവ നിലവില്‍ നിര്‍മ്മിക്കുന്നതു പിണറായി വിജയന്റെ സര്‍ക്കാര്‍ ആണെന്നു തീര്‍ച്ചപെടുത്താനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. അത്തരം ഒരു ശ്രമമായിരുന്നു നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ശേഷം ഒരു കൂട്ടം മാദ്ധ്യമപ്രവര്‍ത്തകരും (പിണറായി സിഡികേറ്റ്) പിണറായി ഭക്തരുടെയും ഭാഗത്തു നിന്നുമുണ്ടായത്.

കൊലപാതകം നടത്തിയത് കേരള പോലീസ് അല്ലെന്നും നാല് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സേനയാണെന്നുമായിരുന്നു അവരുടെ വാദം. അല്ലായിരുന്നുവെന്നു പിന്നീട് തെളിയുകയും ചെയ്തു. മാത്രമല്ല ഇതേ പോലീസ് ഫോഴ്‌സിന് കൂടുതല്‍ ഫണ്ട് തേടി പിണറായി വിജയന്‍ കത്തെഴുതിയതിന്റെ തെളിവുകളും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നു. ഡി.ജി.പിയുടെ ഓഫീസ് അതീവ സുരക്ഷാമേഖലയാണെന്നും അവിടെ സമരം പാടില്ലെന്നുമായിരുന്നു ഏപ്രില്‍ 5നു ഇറങ്ങിയ ഒരു വാദം.

സമരസഹായ സമിതി പ്രവര്‍ത്തകര്‍ ഹിമവല്‍ ഭദ്രാനന്ദയെയും ഷാജഹാനും കൂടി ഗൂഡാലോചന നടത്തിയെന്നാണ് മുഖ്യമന്ത്രിയും പിണറായി പക്ഷ മാദ്ധ്യമപ്രവര്‍ത്തകരും ഒരേപോലെ പ്രചരിപ്പിച്ചത്. ജിഷ്ണുവിന്റെ അമ്മയ്ക്കു അടിവയറ്റില്‍ ബൂട്ട് കൊണ്ടു ചവിട്ടു കിട്ടിയെന്ന് അവരും ജിഷ്ണുവിന്റെ അച്ഛനും നിരവധി തവണ പറഞ്ഞിട്ടും ഡി.ജി.പിക്ക് വസ്ത്രം മാറ്റി മര്‍ദ്ദനമേറ്റ ഭാഗം കാണിച്ചു കൊടുത്തിട്ടും പിണറായി വിജയന്റെ പ്രൈവറ്റ് ഡിക്റ്ററ്റീവുകളായി സ്വയം അവരോധിച്ച ചില മാദ്ധ്യമപ്രവര്‍ത്തകരും അങ്ങിനെയൊന്നുണ്ടായിട്ടില്ലെന്നും മഹിജ നുണ പറയുകയാണെന്നു പറയാന്‍ പോലും തയ്യാറായി.

ഈ മൂന്നു വാദങ്ങളും വസ്തുതാപരമല്ലെന്നും ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുകയാണെന്നും പിന്നീട് തെളിയുകയുണ്ടായി. ഡി.ജി.പിയുടെ ഓഫീസിനു മുന്നില്‍ നിരവധി സമരങ്ങള്‍ ഇതിനു മുമ്പും നടന്നിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മയ്ക്കു മര്‍ദ്ധനമേറ്റുവെന്നു അവരെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ ഡോക്ട്ടര്‍മാര്‍ സ്ഥിതീകരിക്കുകയുണ്ടായി. ഹിമവല്‍ ഭദ്രാനന്ദ സംഭവ സ്ഥലത്ത് എത്തിയത് മറ്റൊരു വിഷയത്തില്‍ ഡി.ജി.പിയുമായി കൂടികാഴ്ച നടത്തുവാനാണെന്നും തെളിഞ്ഞു.

സമരസഹായ സമിതിയില്‍ ഉള്‍പെട്ട SUCI നേതാവ് ഷാജര്‍ഖാനെ പോലീസ് തല്ലുന്നത് കണ്ടു അതുവഴി ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന കെ.എം ഷാജഹാന്‍ ഇടപെട്ടതെന്നും അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ പൊതുസമ്മതി നിര്‍മ്മാണത്തിനായി നുണ പറയുന്നത് സര്‍ക്കാര്‍ ആണെന്നു ബോധ്യപെടും. അതിനായി നടന്ന ഗൂഢാലോചനയില്‍ പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടോ അതോ ഉപദേശകരുടെ ബുദ്ധിയാണോ പ്രവര്‍ത്തിച്ചത് എന്നേ തിരിച്ചറിയാനുള്ളൂ.

സമരം നടത്തുന്ന മനുഷ്യരോട് ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുന്നവരെ ഗൂഢാലോചന കുറ്റം ചുമത്തി ജയിലില്‍ അടക്കുന്നതിനെ ന്യായീകരിക്കാനും കേരളത്തില്‍ ആളുണ്ടെന്നുള്ളത് ഏതൊരു ജനാധിപത്യ വിശ്വാസിയേയും ഭയപെടുത്തുന്നതാണ്. ഈ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ഇത്തരം ഏകാധിപത്യ പ്രവണതകളെ തുറന്നെതിര്‍ക്കേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വം കൂടിയാണ്.

ഭരണകൂടത്തിന്റെ ഇത്തരം ഏകാധിപത്യ പ്രവണതകള്‍ക്ക് സ്വീകാര്യതയുണ്ടാകുന്ന ബോധനിര്‍മ്മിതി ഫാസിസ്റ്റുകള്‍ക്കാണ് ഏറ്റവും ഗുണം ചെയ്യുക. ഇവിടെ ഗൂഡാലോചന നടത്തിയിരിക്കുന്നത് സര്‍ക്കാരാണ്. നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തവര്‍ സമരത്തിനിറങ്ങിയാല്‍ ഗൂഡാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍ സി.പി.ഐ.എമ്മിന് പുറത്തൊന്നും സമരം ചെയ്യാന്‍ കഴിയാത്ത അവസ്ഥവരും. നിയമസഭയില്‍ പ്രാതിനിധ്യം ഉണ്ടായിട്ടാണോ ഗുജറാത്തില്‍ ഉന പ്രക്ഷോഭത്തില്‍ സി.പി.ഐ.എം എത്തി നോക്കിയത്? അതില്‍ ഗൂഡാലോചന ഉണ്ടായിരുന്നോ ആവോ?

സ്വന്തം നിസഹായവസ്ഥ കൊണ്ടു സമരത്തിനിറങ്ങിയ ജിഷ്ണുവിന്റെ കുടുംബത്തിനു പ്രതിസന്ധിഘട്ടത്തില്‍ ഷാജഹാനെ തള്ളിപറയേണ്ടി വരുന്ന സമ്മര്‍ദ്ദ സാഹചര്യത്തെ തിരിച്ചറിയാനുള്ള വിവേകം പിണറായി ഭക്തര്‍ ഒഴികെയുള്ള സിവില്‍ സമൂഹത്തിനുണ്ട്. മാത്രമല്ല, ഷാജര്‍ഖാന്‍ അടക്കമുള്ള സമരസഹായ സമിതി അംഗങ്ങളെ അവര്‍ തള്ളി പറഞ്ഞിട്ടില്ല. അവരെ മോചിപ്പിക്കണം എന്നുള്ള ആവിശ്യം സമരം അവസാനിപ്പിക്കുന്ന അന്നുണ്ടാക്കിയ കരാറിലും ഉള്‍പെടുത്തിയിരുന്നു.

കൂട്ടിവായിക്കുമ്പോള്‍ മനസിലാകുന്ന കാര്യം ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവര്‍ മഹിജയുടെയും കുടുംബത്തിന്റെയും സഹായത്തിനായി ആദ്യം മുതലേ ഉണ്ടായിരുന്നതാണ്. ഇവരെ പോലീസ് ആക്രമിക്കുന്നത് കണ്ടപ്പോള്‍ ആ വഴി പോകുകയായിരുന്ന ഷാജഹാന്‍ ഇടപെടുകയായിരുന്നു. മറ്റൊരു കാര്യത്തിനായി അവിടെ എത്തിയ ഹിമവല്‍ ഭദ്രാനന്ദയും ആ സമയം അവിടെ യാദൃശ്ചികമായി എത്തി ചേരുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന ഇവരെയെല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഹിമവല്‍ ഭദ്രാനന്ദയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.


ഇത് പറയുമ്പോള്‍ സെലക്റ്റീവ് മനുഷ്യാവകാശമെന്നും കാരായി രാജനെയും ചന്ദ്രശേഖരനെയും കുറിച്ചും നിശബ്ദത പാലിക്കുന്നുവെന്നുമാണ് താര്‍ക്കികയുക്തികള്‍ പറയുന്നത്. കാരായി നേതാക്കള്‍ക്ക് ഫസല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും താനുള്‍പ്പെടുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്നും ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ മാഹി ചെമ്പ്ര സ്വദേശി സുബീഷ് മറ്റൊരു കേസില്‍ അകത്തായപ്പോള്‍ കേരള പോലീസിനു മൊഴി നല്‍കിയിരുന്നു. ഇങ്ങനെ മൊഴി ഉണ്ടായിട്ടും അതുപയോഗിച്ചു കൊണ്ടു സി.ബി.ഐക്കെതിരെ സി.പി.ഐ.എം നാളിതുവരെ കോടതിയില്‍ എന്തുകൊണ്ടു പായിട്ടില്ലെന്നുള്ളതിനുള്ളതാണ് മില്ല്യന്‍ ചോദ്യത്തിനു ഇപ്പോഴും ഉത്തരമില്ല!

വിഷയത്തിലേക്ക് തിരികെ വന്നാല്‍ അതില്‍ തന്നെ ഏറ്റവും പ്രധാനപെട്ടതുമായ ചോദ്യം ബാക്കിയാകുന്നുണ്ട്. ഏപ്രില്‍ 5നു ഡി.ജി.പി ഓഫീസിനു സമീപത്തു നിന്നും പിടികൂടിയ ബി.ജെ.പി പ്രവര്‍ത്തകനെ എപ്പോഴാണ് വിട്ടയച്ചത്. ഈ ചോദ്യം ഭീകരമായ സംഘപരിവാര്‍ വിരുദ്ധ സമരം ചോദിക്കുന്ന വിജയന്‍ അനുകൂല മാദ്ധ്യമപ്രവര്‍ത്തകര്‍ ആരെങ്കിലും ചോദിക്കുകയുണ്ടായോ? എന്തായിരിക്കും ഈ സെലക്ട്ടീവ് നിശബ്ദയുടെ കാരണം.

പാലക്കാട് മേലെപറമ്പില്‍ വീടിനു മുമ്പില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 11 വയസുകാരി സിറാജുന്നീസയെ ബാലികയെ വെടിവെച്ചു കൊന്ന രമണ്‍ ശ്രീവാസ്തവയെ ഉപദേശകനായി സ്വീകരിക്കുന്നതും ഇതിനോട് കൂട്ടി വായിക്കണം. 1991 ല്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മുരളി മനോഹര്‍ ജോഷി നടത്തിയ ഏകതാ യാത്രയെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു.

അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച് രാം ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചു കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള യാത്രയില്‍ നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഈ യാത്രക്കെതിരെ 11 വയസുകാരി സിറാജുനീസ കലാപം നയിച്ച് എന്നായിരുന്നു അന്നുണ്ടാക്കിയ റിപ്പോര്‍ട്ട്. വെടിവെക്കാന്‍ ഉത്തരവ് കൊടുത്തത് രമണ്‍ ശ്രീവാസ്തവയാണെന്ന് ഒറ്റപ്പാലം എം.എല്‍.എയായിരുന്ന വി.സി.കബീര്‍ വെളിപെടുത്തിയിട്ടുണ്ട്.

ഉത്തരവ് നടപ്പിലാക്കിയത് ഷൊര്‍ണൂര്‍ എ.എസ്.പിയായിരുന്ന സന്ധ്യ. ആ സന്ധ്യയ്‌ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ജേക്കബ് തോമസിന്റെ തൊപ്പി തെറിച്ചു. ഇതിന്റെ കൂടെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയ ടോമിന്‍ തച്ചങ്കിരി കൂടി തിരിച്ചു വരുന്നതോടെ വൃത്തം പൂര്‍ത്തിയാകും. ഇത്തരമൊരു ക്ലിക്ക് ആണിനി കേരളത്തിന്റെ ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കാന്‍ പോകുന്നത്.

പിണറായി വിജയന്റെ കുഴപ്പം നന്നായി പ്രവര്‍ത്തിക്കുന്ന പി.ആര്‍ ഏജന്‌സിയുടെ പിന്‍ബലം ഇല്ലാത്തതാണെന്നാണു പണ്ഡിതഭക്തരുടെ വിലാപം. പി.ആര്‍ വശമില്ലാത്തത് കൊണ്ടല്ല മറിച്ചു മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയം ഇല്ലാത്തതു കൊണ്ടാണ് രമണ്‍ ശ്രീവാസ്തവയെ പോലുള്ള ഒരാളെ ഉപദേശകനായി സ്വീകരിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം ഭക്തരുടെ വിശ്വാസങ്ങള്‍ ഉറച്ചു പോയിട്ടുള്ളത് ഇവിടെ കാണാന്‍ കഴിയും.

ഈ വിഷയത്തില്‍ സര്‍ക്കാരിനു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തുവെന്നും മഹിജ എന്തിനാണ് സമരം ചെയ്യുന്നതെന്ന് അറിയില്ലെന്നുമാണ് വിജയന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്. എന്താണ് വസ്തുത. ജിഷ്ണു മരിക്കുന്നത് ജനുവരി 6 നാണു. ഫെബ്രുവരി 13 നാണ് FIR തയ്യാറാക്കിയത്.

കളക്ടറെ കാണാന്‍ പോകുന്നുവെന്ന തെറ്റായ രേഖ കോടതിയില്‍ സമര്‍പ്പിച്ചാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത്. ഇവിടെയൊന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയുണ്ടായില്ല. കളക്ടറെ കാണാന്‍ പോകുന്നുവെന്ന തെറ്റായ രേഖ കോടതിയില്‍ സമര്‍പ്പിച്ചാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പോലൊരു തോര്‍ത്തുമുണ്ട് പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മരണവിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പ് തന്നെ പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റ് മോര്‍ട്ടം റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചില്ല. മരണത്തില്‍ ദുരൂഹയുണ്ടായിരുന്നിട്ടും പൊലീസ് സര്‍ജന്‍ ചെയ്യേണ്ട പോസ്റ്റുമോര്‍ട്ടം ഒരു വിദ്യാര്‍ഥിയെ കൊണ്ടു ചെയ്യിപ്പിച്ചു. ജിഷ്ണുവിന്റെ ശരീരത്തും മുഖത്തുമെല്ലാം ഉണ്ടായിരുന്ന മുറിവുകളെ കുറിച്ചു തൃപ്തികരമായ വിശദീകരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല.

പി.ആര്‍ഒയുടെ മുറിയില്‍ നിന്ന് രക്തക്കറ തുടച്ചു നീക്കിയ രീതിയില്‍ കണ്ടെത്തിയതു സംഭവം നടന്ന് 40 ദിവസങ്ങള്‍ക്ക് ശേഷമാണ്. സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചുവെന്നു പറയുമ്പോഴും കേസില്‍ മുന്‍കൂര്‍ ജാമ്യം ഇല്ലാത്ത ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഇതേ സര്‍ക്കാരിന്റെ ഇതേ പോലീസ് ആണു ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും പിന്തുണ നല്‍കിയതിനും ആ സമയത്ത് റോഡില്‍ നിന്നതിനും 5 മനുഷ്യരെ സ്‌പോട്ടില്‍ അറസ്റ്റ് ചെയ്തതു എന്നുമോര്‍ക്കണം.

മഹിജ സമരം ചെയ്യുന്നതു അവരുടെ നിസഹായവസ്ഥ കൊണ്ടാണ് മിസ്റ്റര്‍ പിണറായി.  പ്രതികളെ സംരക്ഷിക്കാനായി നിങ്ങളുടെ പോലീസ് ദുര്‍ബലമായ ചാര്‍ജ്ജ് ഷീറ്റു തയ്യാറാക്കിയതു പോരെന്നും പുനരന്വേഷണം നടത്തണമെന്നും ആവിശ്യപെടാനുള്ള വിവേകം ആ അമ്മക്കിപ്പോള്‍ ഉണ്ടായില്ലെങ്കില്‍ പോലും അതുചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്. അതു ചെയ്യാതെ മഹിജയെ പരോക്ഷമായി അപമാനിക്കാന്‍ ആണു നിങ്ങള്‍ ഇപ്പോഴും ശ്രമിക്കുന്നത്.

പ്രതികള്‍ക്ക് ബന്ധമുള്ളത് കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ സംഘടനകളോട് മാത്രമല്ല. നിങ്ങളുടെ മന്ത്രിസഭയിലെ എ.കെ ബാലന്റെ ഭാര്യ ഈ വിദ്യാഭ്യാസ മാഫിയയുടെ മെഡിക്കല്‍ കോളജില്‍ സൂപ്രണ്ട് ആയിരുന്നുവെന്നും ഓര്‍ക്കണം. കേരളത്തിലെ എല്ലാ വ്യവസ്ഥാപിത പാര്‍ട്ടികളുടെ അധികാരകേന്ദ്രങ്ങളുമായി നെഹ്റുകോളേജ് ബന്ധമുണ്ടാക്കിയിരുന്നുവെന്നുള്ളത് നിക്ഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്.

ലക്ഷ്മി നായര്‍ ജാതി അധിക്ഷേപം നടത്തിയിട്ടും അറസ്റ്റ് ചെയ്യാത്തതെന്തേയെന്നുള്ള ചോദ്യം വ്യാപകമായുയര്‍ന്നപ്പോള്‍ ഒരു മാദ്ധ്യമ തൊഴിലാളി എഴുതിയ വരികള്‍ ഇവിടെ പകര്‍ത്തി വെക്കുന്നു: “”ആന്ധ്യയോളം കണിശമാണ് നീതി. അതു നടപ്പിലാകുകതന്നെ വേണം. കാരണം നടപ്പിലാകപ്പെടാനാണ് ആ സംവിധാനത്തിന്റെ മൊമന്റം എന്നുള്ളതുകൊണ്ടുതന്നെ. എനിക്കു മെല്ലെയെങ്കിലും പാതയിലൂടെ സഞ്ചരിക്കുന്ന ഭരണചക്രം മതി സഖാവേ.

കരുത്തിന്റെ റോഡ് റോളര്‍ ആവിശ്യമില്ല. എന്നിട്ട് കരുത്തിന്റെയും കുബുദ്ധിയുടെയും റോഡ് റോളര്‍
അവരുടെ മൂക്കിനു താഴെ ഉരുണ്ടപ്പോള്‍ അവര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് അവരുടെ ഫേസ്ബുക്ക് വാളില്‍ നോക്കിയാല്‍ മനസിലാകും. കണിശമായ പരിശോദിച്ചാല്‍ വര്‍ഗ്ഗതാല്‍പര്യവും ബോധ്യപെടും. ഇടതുപക്ഷമെന്നത് ചുവന്ന കൊടിപിടിച്ചാലോ സഖാവ് കവിത ചൊല്ലിയാലോ വിപ്ലവതിരുവാതിര കളിച്ചാലോ ചുവന്നമുണ്ടെടുത്താലോ സൃഷ്ടിക്കാന്‍ കഴിയുന്ന ചിന്തയല്ല. അതൊരു തിരഞ്ഞെടുപ്പാണ്. പക്ഷം ചേരലാണ്. വ്യവസ്ഥാ വിരുദ്ധതയാണതിന്റെ കാതല്‍ (crux).

സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ മുഖ്യഉപദേഷ്ടാവിനു മേല്‍നോട്ടത്തില്‍ പി.ആര്‍.ഡിക്ക് കീഴില്‍ ഒരു അനൗദ്യോഗിക കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനായി മാത്രം നാളിതുവരെ ഉണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പുതിയൊരു പി.ആര്‍.ഡി ഡയറക്റ്ററെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഈ ടീം പരിധിവിട്ട് വിമര്‍ശിക്കുന്നവര്‍ക്കു ഘട്ടം ഘട്ടമായി പരസ്യങ്ങള്‍ നല്‍കുന്നതില്‍ കുറവു വരുത്താനും ആലോചിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ചരടുകള്‍ ഉള്ള പി.ആര്‍.ഡി പരസ്യം മൂലധന താല്‍പര്യത്തിലധിഷ്ടിതമായ മുഖ്യാധാരാ മാദ്ധ്യമങ്ങളുടെ റവന്യൂ ജനറെറ്റിംഗ് വിഭാഗത്തിനു ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെന്നുള്ളതുകൊണ്ടു മാര്‍ക്കറ്റിംഗ് ടീമിന്റെ പ്രഷര്‍ ഉണ്ടാകുന്നതോടെ സര്‍ക്കാരിന്റെ താല്‍പര്യങ്ങളും സംരക്ഷിക്കുന്ന വാര്‍ത്തകള്‍ നല്‍കി ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കും. മാത്രമല്ല നെഹ്റു കോളേജ് അടക്കമുള്ള പണാധികാര സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വാര്‍ത്തകളും അവയില്‍ കൂടെ പുറത്തു വരില്ല.

ഇവിടെയാണ് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ (ചിലരുടെയെങ്കിലും) പ്രസക്തി. അവര്‍ക്ക് വാര്‍ത്തകള്‍ മുക്കുന്നതിലെ വാര്‍ത്ത മൂല്യം വശമില്ല. അധികാര കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധമില്ല, അവരില്‍ ആരെയും പിണറായി വിജയന്‍ പ്രാതലിനു വിളിച്ചു ഉരുട്ടി കൊടുത്തിട്ടില്ല, സര്‍ക്കാരിനെതിരെ ആര് സമരം നടത്തിയാലും വാര്‍ത്തയാകും. സര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്തകള്‍ ചെയ്താല്‍ നഷ്ടപെടുന്ന പി.ആര്‍.ഡി പരസ്യത്തെയോര്‍ത്തു അവയുടെ മാര്‍ക്കറ്റിംഗ് ടീം എഡിറ്റോറിയല്‍ പോളിസിയെ സ്‌ക്രൂട്ടനൈസ് ചെയ്യില്ല.

ന്യായീകരിക്കാന്‍ ഇറങ്ങിയവരോടു വ്യക്തിപരമായി ചിലത് പറയാനുണ്ട്: പിണറായി വിജയനെ ദൈവമായി കണ്ട ഒരു പാര്‍ട്ടി കുടുംബത്തിനാണ് ഇപ്പോള്‍ ഈ അവഗണനയും പരിഹാസവും നേരിടേണ്ടി വന്നതെന്നുള്ളത് ദഹിക്കേണ്ട സമയമായിരിക്കുന്നു. വിജയന്റെ പോലീസിന്റെ ചവിട്ടു കിട്ടിയത് ജിഷ്ണുവിന്റെ അമ്മയ്ക്കും. അതിനെയാണ് പിണറായി വിജയന്‍ ന്യായീകരിക്കുന്നത്. അതിനെ പിന്തുണയ്ക്കാന്‍ നടക്കുന്ന നിങ്ങളില്‍ ഒരാള്‍ക്കു നാളെ എന്തെങ്കിലും സംഭവിക്കുകയും അമ്മമാരും ഉമ്മമാരും നീതിയന്വേഷിച്ചു സമരത്തിനിറങ്ങുകയും ചെയ്താല്‍ ഇതേ ബൂട്ടുകള്‍ അവരെ തേടിയും എത്തും !

We use cookies to give you the best possible experience. Learn more