|

കാട്ടാക്കട ആള്‍മാറാട്ട വിവാദത്തില്‍ നടപടിയുമായി സര്‍വകലാശാല; പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്നും നീക്കി; പൊലീസില്‍ പരാതി നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തരപുരം: എസ്.എഫ്.ഐ ആള്‍മാറാട്ട വിവാദത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പള്‍ ജി.ജെ ഷൈജുവിനെ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് നിന്നും നീക്കി കേരള സര്‍വകലാശാല. പൊലീസില്‍ പരാതി നല്‍കാനും സര്‍വകലാശാല തീരുമാനമെടുത്തു.

അധ്യാപക ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ക്രിസ്ത്യന്‍ കോളേജ് മാനേജ്‌മെന്റിനോട് ആവശ്യപ്പെടുമെന്ന് കേരള സര്‍വകലാശാല വി.സി ഡോ.മോഹന്‍ കുന്നുമ്മേല്‍ പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യാനുള്ള ആവശ്യമാണ് മുന്നോട്ട് വെക്കുക. പരീക്ഷ നടത്തിപ്പില്‍ രണ്ട് വര്‍ഷത്തെ ഉത്തരവാദിത്വത്തില്‍ നിന്നും മാറ്റും. വിശാഖിനെതിരെയും പരാതി കൊടുക്കുമെന്ന് വി.സി പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട ഒരാള്‍ ഉത്തരവാദിത്തപ്പെട്ട ഓഫീസിലേക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വഞ്ചനയാണ്. ക്രിമിനല്‍ നടപടി ക്രമത്തില്‍പ്പെടുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് സര്‍വകലാശാലക്ക് പരിമിതിയുണ്ട്. ആള്‍മാറാട്ടം വ്യജരേഖ ചമക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടുകയാണെന്നും വി.സി വ്യക്തമാക്കി.

‘പ്രക്രിയയല്ല പ്രശ്‌നം. മാനിപ്പുലേറ്റ് ചെയ്തത് ആണല്ലോ. മറ്റു കോളേജുകളിലും ഇത്തരം മാനിപ്പുലേഷന്‍സ് ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുകയും അതില്‍ പ്രശ്‌നമുണ്ടെങ്കില്‍ തിരുത്തുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്തതിന് ശേഷമെ പുതിയൊരു യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉണ്ടാകുകയുള്ളു,’ വി.സി വ്യക്തമാക്കി.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കോളേജില്‍ നിന്നും അയച്ച ലിസ്റ്റുകള്‍ പരിശോധിക്കും. കാട്ടാക്കട കോളേജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ല. യു.യു.സി ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അവ പരിശോധിച്ച് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. അതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്നും വി.സി വ്യക്തമാക്കി.

Contenthighlight: GJ Shaiju has been removed from the pricipal position