|

നേരല്ല, വെറും കച്ചവടം; ഷിൻഡെ വിഭാ​ഗത്തിന് ശിവസേന പട്ടം നൽകിയതിന് പിന്നിൽ 2000 കോടിയുടെ ഇടപാടെന്ന് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാ​ഗത്തിന് നൽകിയതിന് പിന്നിൽ 2000 കോടിയുടെ ഇടപാടെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗം നേതാവ് സഞ്ജയ് റാവത്ത്. 2000 കോടി എന്നത് പ്രാഥമിക കണക്ക് മാത്രമാണെന്നും എന്നാൽ ഇത് നൂറ് ശതമാനം സത്യമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു റാവത്തിന്റെ പ്രതികരണം. പണമിടപാടിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും റാവത്ത് പറഞ്ഞു.

“നേരായ മാർ​ഗത്തിലൂടെയല്ല മറിച്ച് കച്ചവടത്തിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ശരിയായ ശിവസേന ഷിൻഡെ വിഭാ​ഗമാണെന്ന് പറയാനായത്. ഇതുവരെ ഏതായാലും ഈ വിഷയത്തിൽ 2000 കോടിയുടെ ഇടപാട് നടന്നിട്ടുണ്ട്. ഇത് എന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ്. അതേതായാലും ശരിയുമാണ്.

ഒരു എം.എൽ.എയെ വാങ്ങാൻ 50 കോടി ചെലവാക്കുന്ന, എം.പിയെ വാങ്ങാൻ 100 കോടിയും, കൗൺസിലറെ വാങ്ങാൻ ഒരു കോടിയും ചെലവാക്കാൻ മടിയില്ലാത്ത സംഘത്തിന്, പാർട്ടിയുടെ ചിഹ്നവും പേരും വാങ്ങാൻ എത്രവരെ പണം മുടക്കാൻ പറ്റുമെന്നത് നിങ്ങൾക്കും ഊഹിക്കാമല്ലോ,” റാവത്ത് പറഞ്ഞു.

എന്നാൽ റാവത്തിന്റെ വാദം ഷിൻഡെ വിഭാ​ഗം എം.എൽ.എ സദ സർവൻകർ തള്ളി. റാവത്ത് കണക്കെഴുത്തുകാരനാണോ എന്നായിരുന്നു സദയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു ഷിൻഡെ വിഭാ​ഗത്തെ ശരിയായ ശിവസേനയെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പുറത്തുവന്നത്. ശിവസേനയുടെ ചിഹ്നവും ഷിൻഡെ വിഭാ​ഗത്തിന് അനുവദിച്ചിരുന്നു.

ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയുൾപ്പെടെ രം​ഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്നും സ്വേച്ഛാധിപത്യ ഭരണമാണെന്നും താക്കറെ പ്രതികരിച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കുന്നതാണ് നടപടിയെന്ന് സഞ്ജയ് റാവത്തും പ്രതികരിച്ചിരുന്നു.

Content Highlight: Giving the real shivasena title to shinde faction was a business says Sanjay Raut