കൊച്ചി: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു.
പാലക്കാട് സ്വദേശി ദിനേശ് മേനോനാണ് ഹരജി നല്‍കിയത്. വര്‍ഷം 80 കോടിയലധികം രൂപ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനത്തില്‍ ചെലവാക്കുന്നുവെന്നും ഇത് അധിക ബാധ്യക വരുത്തുന്നുവെന്നും ഹരജിയില്‍ പറയുന്നു.
പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് കുടുംബ പെന്‍ഷന്‍ ഉള്‍പ്പടെ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നുണ്ട്.
സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്മെന്റ് നടത്തുകയാണെന്നും സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
രണ്ട് വര്‍ഷം കഴിയുമ്പോള്‍ സ്റ്റാഫുകളെ മാറ്റുകയാണ്. 20 ല്‍ അധികം പേരെ ഓരോ മന്ത്രിമാരും സ്റ്റാഫുകളായി വെക്കുന്നു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതി ഇവിടെ തുടരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കുന്നു. പെന്‍ഷനും ശമ്പളവും അടക്കം വന്‍ സാമ്പത്തിക ബാധ്യതയാണ് ഇതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
പേഴ്‌സണല്‍ സ്റ്റാഫിലെ രാഷ്ട്രീയ നിയമനത്തെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമാകുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. രാഷ്ട്രീയ നിയമനങ്ങള്‍ പുന:പരിശോധിക്കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമനങ്ങള്‍ നടത്തുകയാണ് തുടര്‍ന്നുവരുന്ന രീതി. രണ്ടര വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ട്. അതുകൊണ്ടുതന്നെ രണ്ടര വര്‍ഷത്തിനു ശേഷം പുതിയ ആളുകളെ നിയമിക്കുന്നതും പതിവാണ്.