കൊച്ചി: കോടതി കുറ്റവിമുക്തനാക്കി എന്ന് കരുതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് മറ്റ് ചുമതലകള്‍ നല്‍കരുതെന്ന് സേവ് സിസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി. ഫ്രാങ്കോയ്ക്ക് പുതിയ ചുമതലകള്‍ നല്‍കുന്നത് കത്തോലിക്കാ സഭയുടെ അന്ത്യത്തിന് കാരണമാകുമെന്നും വട്ടോളി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പീഡനത്തെ കുറിച്ച് അറിയാമായിരുന്ന കര്‍ദ്ദിനാള്‍ മൊഴിമാറ്റിയതിനെ കുറിച്ചും വട്ടോളി പറഞ്ഞു.
‘കുറവിലങ്ങാട് പള്ളിയില്‍ വെച്ചാണ് പാലാ ബിഷപ്പിനെ കാണുന്നത്. വിഷയം മുഴുവന്‍ കേട്ടു. മേലധികാരിയോട് ഇക്കാര്യം പറയാന്‍ അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകള്‍ കര്‍ദ്ദിനാളിനെ കാണാന്‍ പോകുന്നത്. അവര്‍ മണിക്കൂറുകളോളം സംസാരിച്ചു.
ടാപ്പ് മാറ്റുന്നതോ, ട്യൂബ് ലൈറ്റ് മാറ്റുന്നതോ, മഠത്തിലെ കെട്ടിടത്തിന് പൂപ്പല്‍ ബാധിച്ചിട്ടുണ്ട് അത് കഴുകി കളയണം എന്നോ പറയാനല്ലല്ലോ കന്യാസ്ത്രീകള്‍ കര്‍ദ്ദിനാളിനെ കാണാന്‍ പോയത്. എന്നാല്‍ അദ്ദേഹം അക്കാര്യം നിഷേധിച്ചു,’ അദ്ദേഹം പറയുന്നു.
കന്യാസ്ത്രീക്ക് നീതി കിട്ടുന്നതുവരെ കേസുമായി മുന്നോട്ട് പോവുമെന്നും ഫാദര്‍ വട്ടോളി കൂട്ടിച്ചേര്‍ത്തു.
‘വിക്ടിം പ്രൊട്ടക്ഷന്‍ ആക്ടിന്റെ സംരക്ഷണം ഉള്ളതുകൊണ്ടാണ് ഇരയായിട്ടുള്ള കന്യാസ്ത്രീക്ക് കുറവിലങ്ങാട് മഠത്തില്‍ താമസിക്കാന്‍ സാധിച്ചത്. എന്നാല്‍ വിചാരണ കോടതി വിധി പറഞ്ഞെന്ന് കരുതി സ്ത്രീകളെ മഠത്തില്‍ നിന്ന് സ്ഥലം മാറ്റാനോ അവര്‍ക്കെതിരെ മറ്റെന്തെങ്കിലും ഉണ്ടാവാനോ പാടില്ല. ഇക്കാര്യങ്ങളെല്ലാം സഭാ നേതൃത്വം ഉറപ്പുവരുത്തണം. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകും. ഹൈക്കോടതി തള്ളി കളഞ്ഞാല്‍ സുപ്രീംകോടതി വരെ പോകാവുന്ന കേസാണ്,’ അദ്ദേഹം പറഞ്ഞു.
വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാരും ഉടന്‍ അപ്പീല്‍ നല്‍കണമെന്നും അഗസ്റ്റിന്‍ വട്ടോളി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കേസില്‍ അതിവേഗം അപ്പീല്‍ നല്‍കാന്‍ പൊലീസും ഒരുങ്ങിയിരുന്നു. അടുത്ത ആഴ്ച തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ നീക്കം.
അതേസമയം, 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്.
ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയിലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണ് ഹാജരായത്.
സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.