|

30 വര്‍ഷം കോണ്‍ഗ്രസിനും 27 വര്‍ഷം കമ്മ്യൂണിസ്റ്റുകാര്‍ക്കും 10 വര്‍ഷം മമതയ്ക്കും കൊടുത്തില്ലേ, ഒരു അഞ്ച് വര്‍ഷം ഞങ്ങള്‍ക്കും തരുമോ?; ബംഗാള്‍ ജനതയോട് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി മാറ്റാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ ബി.ജെ.പി റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ മൂന്ന് ദശാബ്ദം കോണ്‍ഗ്രസിനും 27 വര്‍ഷം കമ്മ്യൂണിസ്റ്റുകാര്‍ക്കും 10 വര്‍ഷം മമതയ്ക്കും അവസരം നല്‍കി. അഞ്ച് വര്‍ഷം ബി.ജെ.പിയ്ക്ക് തന്നാല്‍ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി മാറ്റാം’, അമിത് ഷാ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴെക്കും തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജി മാത്രമായിരിക്കും അവശേഷിക്കുകയെന്നും ഷാ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിക്കാനൊരുങ്ങുന്ന സുവേന്തു അധികാരിയെ സ്വാഗതം ചെയ്യുന്നതിനിടെയായിരുന്നു ഷായുടെ പ്രതികരണം.

‘എന്തുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഇത്രയധികം ആള്‍ക്കാര്‍ പുറത്തുപോകുന്നത്? മമത ബാനര്‍ജിയുടെ ദുര്‍ഭരണവും അഴിമതിയും സ്വജനപക്ഷപാതവും തന്നെയാണ് ഇതിന് കാരണം. മമത ദീദി, ഇതൊരു തുടക്കം മാത്രമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെക്കും നിങ്ങള്‍ മാത്രമാകും പാര്‍ട്ടിയില്‍ അവശേഷിക്കുക, ഷാ പറഞ്ഞു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ എം.എല്‍.എ സ്ഥാനവും ഉപേക്ഷിച്ച സുവേന്തു അധികാരി ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായില്‍ നിന്നാണ് സുവേന്തു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

പാര്‍ട്ടി അധ്യക്ഷനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ബുധനാഴ്ച തന്നെ അധികാരി രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷനും മമതാ ബാനര്‍ജിക്കും കൈമാറിയ രാജിക്കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ അവസരങ്ങള്‍ക്ക് അധികാരി നന്ദി പറഞ്ഞിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാത്തവര്‍ പാര്‍ട്ടിവിടുകയാണെന്നായിരുന്നു അധികാരി പാര്‍ട്ടി വിട്ടതിനെ കുറിച്ച് മമത പ്രതികരിച്ചത്.

വ്യാഴാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ജിതേന്ദ്ര തിവാരി അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ തൃണമൂല്‍ പ്രസിഡന്റ് പദവിയും അദ്ദേഹം രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Give us 5 years, we’ll turn Bengal into ‘Sonar Bangla’, says Amit Shah