നാരായണ്‍പൂര്‍: ഛത്തീസ്ഗഢിലെ ബ്രെഹബെദ ഗ്രാമത്തില്‍ ടൈഫോയ്ഡ് ബാധിച്ച് മരിച്ച പതിമൂന്നുകാരിയെ സംസ്‌കരിക്കുന്നത് ഗ്രാമവാസികള്‍ തടഞ്ഞു. കുട്ടിയെ സംസ്‌കരിക്കുന്നത് ക്രിസ്ത്യന്‍ ആചാരപ്രകാരമായതിനാലാണ് ഗ്രാമവാസികള്‍ സംസ്‌കാരം തടഞ്ഞത്. ക്രിസ്ത്യന്‍ മതം ഉപേക്ഷിച്ചാല്‍ കുട്ടിയെ സംസ്‌കരിക്കാന്‍ സമ്മതിക്കാമെന്നും ഗ്രാമവാസികള്‍ കുട്ടിയുടെ കുടുംബത്തോട് പറഞ്ഞു.
തങ്ങളും അവരെ പോലെ ആദിവാസികളാണെന്നും എന്നാല്‍ പള്ളിയും മതമനുശാസിക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ പിന്തുടരുന്നത് ഗ്രാമവാസികള്‍ക്ക് താത്പര്യമില്ലെന്നും കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ ഗ്രാമവാസികളുടെ നിയന്ത്രണം മൂലം ബ്രെഹബെദ ഗ്രാമത്തില്‍ നിന്ന് അകലെയായി കുട്ടിയുടെ മൃതദേഹം കുടുംബം സംസ്‌കരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാരായണ്‍പൂരില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരെ വനത്തിനുള്ളിലായാണ് ബ്രെഹബെദ ഗ്രാമം. ആദിവാസി ആധിപത്യമുള്ള ബസ്തര്‍ മേഖലയില്‍ നിരവധി പേര്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ ആളുകള്‍ മറ്റ് ഗ്രാമീണരില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഗ്രാമവാസികളില്‍ ചിലര്‍ക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ പിന്തുണയുണ്ടെന്നും അവര്‍ ആദിവാസി ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ഹിന്ദു മതവുമായി തുലനം ചെയ്യുന്നുണ്ടെന്നും അതിനാലാണ് ഹിന്ദു ഇതര ആചാരങ്ങള്‍ നിരോധിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. ഈ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ മാറുകയാണെങ്കില്‍ എല്ലാവരുടെയും വാക്കുകള്‍ ശ്രദ്ധിക്കണമെന്നും എല്ലാവരെയും പിന്തുണയ്ക്കുന്ന രീതിയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. തങ്ങള്‍ക്ക് അവകാശങ്ങളുണ്ടെന്നും അത് തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
നവംബര്‍ 7ന് ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും. 20 മണ്ഡലങ്ങളില്‍ 12 എണ്ണവും ബസ്തര്‍ ഡിവിഷനിലെ ഗോത്രമേഖലയിലാണ്. സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നുള്ള ബി.ജെ.പിയുടെ അവകാശവാദങ്ങളുടെ പ്രഭവകേന്ദ്രമായി നാരായണ്‍പൂര്‍ മാറിയിട്ടുണ്ട്. ഭൂപേഷ് ബഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് മതപരിവര്‍ത്തനത്തിന്റെ ഒരു തരംഗം അഴിച്ചുവിട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു.
അതേസമയം ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബി.ജെ.പിക്ക് ഉയര്‍ത്തിക്കാട്ടാന്‍ വിഷയങ്ങളൊന്നുമില്ലാത്തതിനാലാണ് ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പി ഭിന്നിപ്പ് ഉണ്ടാക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Content Highlight: ‘Give up Christianity’: Villagers refuse to bury thirteen-year-old girl’s body