വാഷിങ്ടണ്‍: ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ വൈറ്റ് ഹൗസിനു മുമ്പില്‍ പ്രതിഷേധം. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥന ട്രെപിന്റെ വസതിക്കുമുമ്പില്‍ നടത്തിയാണ് യു.എസിലെ നൂറുകണക്കിന് മുസ്‌ലീങ്ങള്‍ പ്രതിഷേധിച്ചത്.
ട്രംപിന്റെ വസതിക്കുമുമ്പില്‍ ഇസ്‌ലാം മതവിശ്വാസികള്‍ പായവിരിയ്ക്കുകയും പ്രാര്‍ത്ഥന നടത്തുകയുമായിരുന്നു. അമേരിക്കന്‍ മുസ്‌ലിം സംഘടനകളാണ് ഇത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
ഫലസ്തീനിയന്‍ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും പ്ലക്കാര്‍ഡുകളുയര്‍ത്തിയുമാണ് ഇവര്‍ പ്രതിഷേധിച്ചത്.
“ജറുസലേമിന്റെയും ഫലസ്തീനിന്റെയും ഒരു തരി മണ്ണും ട്രംപിന്റെ പേരിലല്ല. ട്രംപ് ടവറാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളത്. വേണമെങ്കില്‍ അത് ഇസ്രഈലികള്‍ക്ക് കൊടുക്കൂ.” എന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സിലിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിഹാദ് അവാദ് പറഞ്ഞത്.
യു.എസില്‍ ക്രിസ്ത്യന്‍ മതതീവ്രവാദം ശക്തിപ്പെടുത്തുകയാണ് ട്രംപെന്നും അദ്ദേഹം ആരോപിച്ചു.
ട്രംപ് ആദ്യം മാനിക്കേണ്ടത് അമേരിക്കക്കാരുടെ താല്‍പര്യമാണ്. അല്ലാതെ വിദേശശക്തികളുടേയോ യു.എസിലെ അതിന്റെ ലോബികളുടേതോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമാക്കി ട്രംപ് പ്രഖ്യാപനം നടത്തിയത്.