ന്യുദല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തിയ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും കാമറോണ്‍ ബാന്‍ക്രോഫ്തിനും പിന്തുണയുമായി ഇന്ത്യന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അവര്‍ പശ്ചാത്തപിക്കുകയും വേദനിക്കുകയും ചെയ്യുന്നുവെന്നും അവരുടെ കുടുംബത്തെയോര്‍ത്തെങ്കിലും അവരെ വെറുതേ വിടൂ എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.
നേരത്തെ പത്രസമ്മേളനത്തില്‍ വെച്ച് സ്റ്റീവ് സ്മിത്ത് ക്രിക്കറ്റ് ലോകത്തോട് മാപ്പ് പറഞ്ഞ് പൊട്ടിക്കരഞ്ഞതിന് പിന്നാലെയാണ് സച്ചിന്റെ പ്രതികരണം. “അവര്‍ പശ്ചാത്തപിക്കുകയും വേദനിക്കുകയും ചെയ്യുന്നു. ഈ അനന്തരഫലങ്ങളുമായാണ് അവര്‍ ഇനിയും ജീവിക്കേണ്ടത്. അവര്‍ക്കൊപ്പം ഈ വേദന അനുഭവിക്കേണ്ടി വരുന്ന കുടുംബങ്ങളെ ഓര്‍ത്തെങ്കിലും അവരെ ഇനി വെറുതേ വിടൂ” – സച്ചിന്‍ ട്വീറ്റ് ചെയ്തു.
Read Also: മോഹന്‍ലാലിനെ വെല്ലുവിളിച്ച് തെന്നിന്ത്യന്‍ താരം തമന്ന; നടിയുടെ യോഗാഭ്യാസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചത്. തുടര്‍ന്ന് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബെന്‍ക്രോഫ്റ്റ് എന്നീ താരങ്ങള്‍ക്കെതിരേ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടി സ്വീകരിച്ചിരുന്നു.
സ്റ്റീവ് സ്മിത്ത് വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞത് ട്വീറ്ററിലും വലിയ ചര്‍ച്ചയായിരുന്നു. ചെയ്തത് തെറ്റാണെങ്കിലും സ്മിത്തിന്റെ കരച്ചില്‍ കരളലിയിക്കുന്നതാണെന്നാണ് മിക്ക ട്വീറ്റുകളിലെയും അഭിപ്രായം.
Read Also: ‘കപില്‍ സിബല്‍ കള്ളപ്പണം വെളുപ്പിച്ചു’; ഗുരുതര ആരോപണവുമായി സ്മൃതി ഇറാനി
“നിരാശാജനകം” എന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലര്‍ക്ക് ട്വീറ്റ് ചെയ്തത്. “കാമറോണും സ്റ്റീവും ഈ അവസ്ഥയിലൂടെ പോവുന്നത് കാണുന്നത് വേദനയുണ്ടാക്കുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അവര്‍ ഭാവിയില്‍ മെച്ചപ്പെടും. എനിക്കുറപ്പുണ്ട്”- മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ ജോണ്‍സണ്‍ കുറിച്ചു.
“സ്റ്റീവ് സ്മിത്ത് ഒരു തെറ്റ് ചെയ്തു. പക്ഷേ ഒരു കൊലപാതകിയോടെന്നപോലെയാണ് അദ്ദേഹത്തോട് പെരുമാറുന്നത്. ചുറ്റം 12 സെക്യൂരിറ്റി ഗാര്‍ഡുമാര്‍. ജനങ്ങള്‍ അയാളുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുകയും അയാളെ ചതിയന്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. ഇത് ഒരു 28 വയസുകാരന് താങ്ങാവുന്നതിലുമപ്പുറമാണ്.” എന്നായിരുന്നു ഓസ്‌ട്രേലിയന്‍ അവതാരകന്‍ അലന്‍ ജോണ്‍ ട്വീറ്റ് ചെയ്തത്.