ന്യൂദൽഹി: അയൽ സംസ്ഥാനമായ ഹരിയാന യമുന നദിയിൽ വിഷം കലർത്തുകയാണെന്ന ആരോപണം തെളിയിക്കാൻ വസ്തുതാപരമായ തെളിവുകൾ സമർപ്പിക്കാൻ എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഇന്ന് (ജനുവരി 29) രാത്രി 8 മണിക്കകം കെജ്‌രിവാളിൻ്റെ ആരോപണത്തിന് വസ്തുതാപരവും നിയമപരവുമായ തെളിവ് നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്.
അയൽ സംസ്ഥാനമായ ഹരിയാനയിൽ അധികാരത്തിലുള്ള ബി.ജെ.പി ആ സംസ്ഥാനത്തിലൂടെയും ദൽഹിയിലൂടെയും ഒഴുകുന്ന യമുന നദിയിൽ വിഷ പദാർത്ഥം ചേർത്തതായി അരവിന്ദ് കെജ്‌രിവാൾ അവകാശപ്പെട്ടിരുന്നു. യമുനയിലെ ഉയർന്ന അമോണിയ ദൽഹിയിലെ ജലവിതരണത്തെ തടസപ്പെടുത്തുന്നുവെന്ന് എ.എ.പി ആരോപിച്ചു.
‘ദൽഹിയിലെ ജനങ്ങൾക്ക് ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും കുടിവെള്ളം ലഭിക്കുന്നു. എന്നാൽ ഹരിയാന സർക്കാർ യമുനയിൽ നിന്ന് ദൽഹിയിലേക്ക് വരുന്ന വെള്ളത്തിൽ വിഷം കലർത്തി ഇങ്ങോട്ട് അയച്ചു. ഈ വെള്ളം നിർത്തിയതായി ബോർഡ് എഞ്ചിനീയർമാർ പറഞ്ഞു.
ദൽഹി അതിർത്തിയിൽ വെച്ച് തന്നെ വിഷം കലർന്ന വെള്ളം തടഞ്ഞു. വിഷജലം നഗരത്തിൽ എത്തിക്കാൻ ഞങ്ങൾ അനുവദിച്ചില്ല, ഞങ്ങൾ യുദ്ധങ്ങളിൽ ഇത്തരം കാര്യങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ ഇന്ന് ദൽഹിയിലെ ജലവിതരണത്തിൽ വിഷം കലർത്തി ബി.ജെ.പി ചെയ്തത് എന്താണ്. ദൽഹിയിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അത്. ഇത് വഴി എ.എ.പിയുടെ മേൽ ആക്ഷേപം പതിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം തന്റെ പ്രസ്താവനയിൽ പറഞ്ഞു.
പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ കെജ്‌രിവാളിന് അയച്ച കത്തിൽ, യമുനയിൽ വിഷം കലർത്താൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സ്വഭാവം ബുധനാഴ്ച രാത്രി എട്ട് മണിയോടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാൻ ആവശ്യപ്പെട്ടു.
ദൽഹി ജൽ ബോർഡിലെ എഞ്ചിനീയർമാർ ഇത് കൃത്യസമയത്ത് കണ്ടെത്തി തടഞ്ഞുവെന്ന അദ്ദേഹത്തിന്റെ അവകാശവാദത്തിൻ്റെ വിശദാംശങ്ങൾ പങ്കിടാനും കെജ്‌രിവാളിനോട് ഇ.സി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, ഹരിയാനയിൽ നിന്ന് ദൽഹിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തിൽ അമോണിയയുടെ അളവ് വർധിച്ചെന്ന ആരോപണത്തിൽ ജനുവരി 28നകം വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹരിയാന സർക്കാരിനോട് നിർദേശിച്ചിരുന്നു.
Content Highlight: Give proof of Yamuna poisoning by 8 pm today, poll panel tells Arvind Kejriwal