ന്യൂദല്‍ഹി: പാന്‍ കാര്‍ഡ് അപേക്ഷ ഫോമില്‍ പിതാവിന്റെ പേര് നിര്‍ബന്ധമായും പൂരിപ്പിക്കണമെന്നത് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനിത – ശിശു ക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി.
വിവാഹമോചനം നേടിയ സ്ത്രീകളുടെയോ ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞവരുടെയോ മക്കളും സ്ത്രീകള്‍ ഒറ്റയ്ക്കു ദത്തെടുത്ത് വളര്‍ത്തുന്ന കുട്ടികളും പാന്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ അമ്മമാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം പിതാവിന്റെ പേര് നല്‍കിയാല്‍ മതിയെന്ന രീതിയിലാക്കണമെന്ന് വനിത – ശിശുക്ഷേമ വകുപ്പ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടു.
മക്കളെ ഒറ്റയ്ക്കു വളര്‍ത്തുന്ന അമ്മമാരുടെ വികാരം കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു നടപടി ആവശ്യപ്പെടുന്നതെന്ന് മേനക ഗാന്ധി അറിയിച്ചു. വിവാഹമോചനം നേടി മക്കളെ വളര്‍ത്തുന്ന സ്ത്രീകള്‍ മുന്‍ ഭര്‍ത്താവിന്റെ പേര് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിനുള്ള അവസരം നല്‍കണമെന്നാണ് മേനക ഗാന്ധിയുടെ ആവശ്യം.
കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന സ്ത്രീകള്‍ക്കും തന്റെ വകുപ്പ് വളരെയധികം പ്രധാന്യം നല്‍കുന്നുണ്ടെന്നും അതിനാല്‍ ഈ വിഷയം പരിഗണിക്കണമെന്നും മേനക ഗാന്ധി ആവശ്യപ്പെട്ടു. “ഇങ്ങിനെ ദത്തെടുത്ത് വളര്‍ത്തുന്ന കുട്ടികളുടെ കാര്യത്തില്‍ പിതാവിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെടാനാകുകയേയില്ല.” അവര്‍ പറയുന്നു.
നിലവിലുള്ള നിയമമനുസരിച്ച് തിരിച്ചറിയല്‍ രേഖകളിലൊന്നായ പാന്‍ കാര്‍ഡില്‍ പിതാവിന്റെ പേര് നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കണം. ഈ നിര്‍ബന്ധ രീതിയില്‍ മാറ്റം വേണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം.
2016ല്‍ മക്കളെ തനിച്ച് വളര്‍ത്തുന്ന അമ്മമാര്‍ക്കു അനുകൂലമായി വിദേശകാര്യ വകുപ്പ് പാസ്‌പോര്‍ട്ട് അപേക്ഷ ഫോറത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. രക്ഷാകര്‍ത്താവിന്റെ പേര് രേഖപ്പെടുത്തുന്ന കോളത്തില്‍ അച്ഛന്റെയും അമ്മയുടെയും പേര് രേഖപ്പെടുത്തണമെന്നതിനു പകരം എതെങ്കിലും ഒരാളുടെ പേര് നല്‍കിയാല്‍ മതിയെന്ന് ഭേദഗതി ചെയ്തിരുന്നു.
പ്രിയങ്ക ഗുപ്ത എന്ന ദല്‍ഹി നിവാസി ആരംഭിച്ച ക്യാംപെയ്ന്‍ മേനക ഗാന്ധി ഏറ്റെടുത്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അപേക്ഷ ഫോറത്തില്‍ മാറ്റങ്ങളുണ്ടായത്.