| Monday, 4th November 2024, 11:10 pm

എന്റെ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കണം; നോവായി ഗസയിലെ പത്ത് വയസ്സുകാരിയുടെ വില്‍പത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്ത് വയസ്സുകാരിയുടെ വില്‍പത്രം ചര്‍ച്ചയാവുന്നു.  പത്ത് വയസ്സുകാരിയായ റഷ സെപ്റ്റംബര്‍ 30ലെ ഇസ്രഈല്‍ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മരിക്കുന്നതിന് മുമ്പ് അവള്‍ നോട്ടബുക്കില്‍ എഴുതിവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

തന്റെ ഉടുപ്പുകള്‍ മരണശേഷം ആവശ്യക്കാര്‍ക്ക് നല്‍കണമെന്നും അവളുടെ സഹോദരന്‍ ഒരു പാവമാണെന്നും അവനോട് ദേഷ്യപ്പെടരുതെന്നും കുറിപ്പില്‍ പറയുന്നു. താന്‍ മരിച്ചുപോയാല്‍ ആരും അവളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടരുതെന്നും റഷ തന്റെ നോട്ട്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

അഥവാ അവള്‍ മരിച്ചുപോകുകയാണെങ്കില്‍ അവള്‍ക്ക് മാസത്തില്‍ നല്‍കുന്ന പോക്കറ്റ് മണിയായ 50 ഷെല്ലക്കില്‍ പകുതി, ജൂഡിക്കും ലാനക്കും സാറക്കും റഹഫിനും നല്‍കണമെന്നും റഷ എഴുതിയ വില്‍പ്പത്രത്തില്‍ പറയുന്നു.

അവളുടെ പുസ്തകങ്ങള്‍ റഹഫിനും കളിപ്പാട്ടങ്ങല്‍ മറ്റൊരു കുട്ടിയായ ബതൂലിനും നല്‍കണമെന്നും അവള്‍ എഴുതി.

എന്നാല്‍ റഷയുടെ ആഗ്രഹം പോലെ അവളുടെ അനിയന്‍ മുഹമ്മദിനും ഈ ഭൂമിയില്‍ ഏറെക്കാലം ജീവിക്കാനുള്ള അവസരം ലഭിച്ചില്ല. ഇസ്രഈല്‍ ആക്രമണത്തില്‍ 11 വയസ്സുകാരനായ അവനും കൊല്ലപ്പെട്ടു. രണ്ട് പേരെയും ഒരേ കുഴിമാടത്തിലാണ് അടക്കിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴ് മുതല് ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 16,700 കുട്ടികളാണ് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Content Highlight: Give my clothes to the needy; The Will of a Ten-Year-Old Girl in Gaza

We use cookies to give you the best possible experience. Learn more