‘എനിക്ക് സിനദിന്‍ സിദാനേയും ഒപ്പം പത്ത് മരക്കുറ്റികളും തരൂ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി കാണിച്ചു തരാം’ എന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ ദി ലെജന്‍ഡറി അലക്സ് ഫെര്‍ഗൂസന്റെ വാക്കുകള്‍ കടമെടുത്തിരിക്കുകയാണ് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ ബാറ്ററായ റാഷിദ് ലത്തീഫ്.
സിദാന്റെ പേര് മാറ്റി ബാബറിനെയും വിരാടിനേയും ചേര്‍ത്താണ് ലത്തീഫ് ഫെര്‍ഗിയുടെ പ്രസ്താവനയ്ക്ക് പുതിയ മാനം നല്‍കയത്.
തനിക്ക് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെയും വിരാടിനേയും ഒപ്പം ഒമ്പത് മരക്കുറ്റികളും തന്നാല്‍ ലോകകപ്പ് നേടി കാണിച്ചുതരാം എന്നാണ് ലത്തീഫ് പറയുന്നത്.
നിലവിലെ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച തരങ്ങളാണ് വിരാട് കോഹ്‌ലിയും ബാബര്‍ അസമും.
ഇന്ത്യ 2011ല്‍ ലോകകപ്പ് നേടിയ സ്‌ക്വാഡിലെ അംഗവും ഇപ്പോഴും സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്ന വിരാട് കോഹ്‌ലിയും പാക് പടയുടെ നെടുനായകത്വം വഹിക്കുന്ന ബാബര്‍ അസവും മാത്രം മതി തനിക്ക് ലോകകപ്പ് നേടാന്‍ എന്നാണ് ലത്തീഫിന്റെ ഭാഷ്യം.
ഇരു താരങ്ങളുടെയും പ്രകടനത്തിലെ ആത്മവിശ്വാസമൊന്നുമാത്രമാണ് ലത്തീഫിനെക്കൊണ്ട് ഇങ്ങനെ പറയിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനത്തില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന ഇന്നിംഗ്സാണ് ബാബര്‍ അസം കാഴ്ചവെച്ചത്. ഏകദിന പരമ്പര 2-1ന് പാകിസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍, പാക് പട ജയിച്ച രണ്ട് മത്സരത്തിലും ബാബര്‍ സെഞ്ച്വറിയടിച്ചിരുന്നു.
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പാകിസ്ഥാന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച റണ്‍ ചെയ്സിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലെ കൂളായാണ് വിരാട് കളത്തില്‍ കാണപ്പെടുന്നത്. ഐ.പി.എല്ലില്‍ ബെംഗളൂരുവിന്റെ താരം കൂടിയായ വിരാട് ഇനിയും തന്റെ മാസ്മരിക പ്രകടനം ആര്‍.സി.ബിക്കായി കാഴ്ചവെച്ചിട്ടില്ല.
2022ല്‍ ഓസീസില്‍ വെച്ച് നടക്കുന്ന ടി 20 ലോകകപ്പിലേക്കാണ് ഇരു താരങ്ങളും കണ്ണുവെക്കുന്നത്. മികച്ച പ്രകടനം നടത്തി ലോകകപ്പ് ഒരിക്കല്‍ക്കൂടി തന്റെ രാജ്യത്തിന് സമ്മാനിക്കാനാവും ഇരു താരങ്ങളും ശ്രമിക്കുന്നത്.
Content Highlight: Give me Babar Azam, Virat Kohli and 9 sticks; I will win World Cup for you – Ex-Pakistan player