മാനിങ്ങിന് 60 വര്‍ഷത്തെ തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍; ക്രൂരതയെന്ന് അഭിഭാഷകന്‍
World
മാനിങ്ങിന് 60 വര്‍ഷത്തെ തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍; ക്രൂരതയെന്ന് അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2013, 12:51 am

[]വാഷിങ്ടണ്‍: വിക്കിലീക്‌സിന് രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ അമേരിക്കന്‍ സൈനികന്‍ ബ്രാഡ്‌ലി മാനിങ്ങിന് 60 വര്‍ഷത്തെ തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വാദിച്ചു. []

എന്നാല്‍ മാനിങ്ങിന് ഇത്രയും വലിയ ശിക്ഷ നല്‍കുന്നത് അത്യന്തം ക്രൂരമാണെന്ന് മാനിങ്ങിന്റെ അഭിഭാഷകന്‍ ഡേവിഡ് കൂംബ്‌സ് അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ വാദം കോടതി പരിഗണിക്കരുതെന്നും രാജ്യത്തിനെതിരെ നീക്കം നടത്താന്‍ ഒരുങ്ങുന്ന എല്ലാവര്‍ക്കും ഒരു പാഠമാകണം മാനിങ്ങിന്റെ ശിക്ഷാവിധിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മാനിങ് നന്നേ ചെറുപ്പമാണെന്നും ബുദ്ധിയും കഴിവുമുള്ള നിഷ്‌ക്കളങ്കനായ യുവാവിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കോടതി അവസരമൊരുക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.

മാനിങ്ങിനെപ്പോലൊരാള്‍ 1953ല്‍ ഇതുപോലെ ശിക്ഷിക്കപ്പെട്ടെന്നിരിക്കട്ടെ. 2013ല്‍ പുറത്തിറങ്ങുമ്പോള്‍ ആധുനികചരിത്രത്തിന്റെ നേട്ടങ്ങളും കണ്ടുപിടുത്തങ്ങളുമെല്ലാം അയാള്‍ക്ക് നഷ്ടപ്പെട്ടിരിക്കും.

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. വാട്ടര്‍ഗേറ്റ് സംഭവങ്ങള്‍, സെല്‍ഫോണിന്റെ കണ്ടുപിടിത്തം,അങ്ങനെ ലോകത്തിന്റെ വികസനത്തിന്റെ ഒരുപാടുകളും അദ്ദേഹത്തിന് നേരിട്ടനുഭവിക്കാനോ മനസിലാക്കാനോ സാധിക്കാതെ വരും.

മാനിങ്ങിന് ഒരുനാള്‍ തിരിച്ചുവരാന്‍ അവസരമൊരുക്കണം. വിവാഹിതനായി സന്തോഷത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാകണമെന്നും അഭിഭാഷകന്‍ കൂംബ്‌സ് കോടതിയോട് അഭ്യര്‍ഥിച്ചു.