ന്യൂദല്‍ഹി: സ്ത്രീകളുടെ ലൈംഗികതയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചിത്രം “ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ”യ്ക്ക് “എ” സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സെന്‍സര്‍ബോര്‍ഡിനോട് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പീല്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ബോര്‍ഡ് വിസമ്മതിച്ചതിനെ തുടര്‍ന്ന് ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സെന്‍സര്‍ബോര്‍ഡിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ട്രൈബ്യൂണലിന്റെ തീരുമാനം. സ്ത്രീ കേന്ദ്രീകൃത ചിത്രം, ലൈംഗികതയുടെ അതിപ്രസരം, അശ്ലീല വാക്കുകള്‍, ലൈംഗികത നിറഞ്ഞ ശബ്ദങ്ങള്‍ എന്നീ കാരണങ്ങളാണ് സെന്‍സര്‍ബോര്‍ഡ് പറഞ്ഞിരുന്നത്.
ചിത്രത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. ലൈംഗികത കാണിക്കുന്ന രംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കാന്‍ ചിത്രത്തിന്റെ അണിയറക്കാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
നാല് സ്ത്രീകളുടെ കഥ പറയുന്ന സിനിമയാണ് “ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ”. ബുര്‍ഖ ധരിച്ച കോളേജ് വിദ്യാര്‍ഥിനി, ചെറുപ്പക്കാരിയായ ബ്യൂട്ടീഷ്യന്‍, മൂന്ന് കുട്ടികളുള്ള ഒരമ്മ, 55-കാരിയായ വിധവ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സംവിധായകന്‍ പ്രകാശ് ജാ നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിക്കുന്നത് കൊങ്കണ സെന്‍ ശര്‍മ, രത്‌ന പതക്, ആഹാന കുംര, പ്ലബിത ബോര്‍തനകുര്‍, സുശാന്ത് സിംഗ്, വൈഭവ് ത്രിവേദി എന്നിവരാണ്.
ട്രെയിലര്‍ കാണാം: