കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും പ്രതികളെ ഏറ്റവും വേഗം പിടികൂടാന്‍ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നും ഇതിനു പിന്നില്‍ സി.പി.ഐ.എം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നുമുള്ള എഫ്.ഐ.ആര്‍ നേരത്തെ പുറത്തു വന്നിരുന്നു. പിന്നാലെ സി.പി.ഐ എമ്മിനെ വിമര്‍ശിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തി.
വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണമെന്നായിരുന്നു ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. വക തിരിവില്ലായ്മ എവിടെ സംഭവിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു.
കൊലപാതകത്തില്‍ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയിതിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി വിപുലീകരിച്ചുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ ഡി.ജി.പി കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.