'വെറും രണ്ട് ദിവസത്തേക്ക് പൊലീസ് സേനയുടെ നിയന്ത്രണം വിട്ടു തരൂ...കാണിച്ചു തരാം'; വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാള്‍
JNU
'വെറും രണ്ട് ദിവസത്തേക്ക് പൊലീസ് സേനയുടെ നിയന്ത്രണം വിട്ടു തരൂ...കാണിച്ചു തരാം'; വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 7:56 am

ന്യൂദല്‍ഹി: ജാമിഅ മിലിയ, ജെ.എന്‍.യു തുടങ്ങിയ കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഈയിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ വിഷയത്തില്‍ പൊലീസിനെ പഴിചാരുന്നതില്‍ അര്‍ത്ഥമില്ലെന്നും അവരെ നിയന്ത്രിക്കുന്നത് ഉന്നതനേതൃത്വമാണെന്നും ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. പൊലീസ് നിയന്ത്രണം തങ്ങളെ ഏല്‍പ്പിക്കൂ, ഫലം കാട്ടിത്തരാമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാന്‍ പൊലീസിനെ പഴിചാരില്ല. പൊലീസ് സേന എന്തിനും പ്രാപ്തിയുള്ളവരാണ്. പ്രവര്‍ത്തിക്കണമോ വേണ്ടയോയെന്ന് അവര്‍ക്ക് ഉത്തരവ് കൊടുക്കുന്നത് ഉന്നതനേതൃത്വമാണ്. ഇല്ലെങ്കില്‍ അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാം. ഒരു സത്യസന്ധമായ സര്‍ക്കാരിന്റെ കീഴിലുള്ള തൊഴിലാളികളെല്ലാം സത്യസന്ധരായിരിക്കും,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ മാസങ്ങളിലായി ജാമിയ മിലിയയിലും ജെ.എന്‍.യുവിലും നടക്കുന്ന അക്രമസംഭവങ്ങളിലും കെജ്‌രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു.

‘ജെ.എന്‍.യുവിലും ജാമിഅ യിലും നടക്കുന്ന സംഭവങ്ങളില്‍ വല്ലാത്ത ആശങ്കയുണ്ട്. കേന്ദ്രസര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ക്രമസമാധാനപരിപാലനം ഇപ്പോള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല.’ കെജ്‌രിവാള്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടാമതും അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് കെജ്രിവാള്‍. മതത്തിനും ജാതിക്കുമെതിരെ പോരാടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ