| Sunday, 9th September 2018, 12:13 pm

ഇത് വഞ്ചന; ബ്ലാസ്‌റ്റേസ് കളിച്ചത് യൂണിവേഴ്സിറ്റി ടീമിനോടൊ? നിലപാട് വ്യക്തമാക്കണമെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ്‍ മത്സരം വിവാദത്തിലായ സാഹചര്യത്തില്‍ ടീം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി ആരാധകര്‍. ബ്ലാസ്റ്റേഴ്സിന്റെ എതിര്‍ ടീമില്‍ കളിക്കുന്ന താരമിട്ടിരിക്കുന്ന ജഴ്സിയിലെ ലോഗോ ബാങ്കോക്കിലെ ഒരു യൂണിവേഴ്സിറ്റി ടീമിന്റേതാണെന്നും കളിച്ചത് അവരോടാണെന്ന കണ്ടത്തലുമായും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

തായ്ലന്‍ഡില്‍ പ്രീ സീസണ്‍ പര്യടനത്തിന് പോയ കേരള ബ്ലാസ്റ്റേഴ്സ് അവിടെ കളിച്ച മത്സരമാണ് വിവാദത്തിലായത്. ബാങ്കോക്ക് എഫ്.സിക്കെതിരെയായിരുന്നു മത്സരമെന്നാണ് അറിയിച്ചിരുന്നത്. മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളിന് ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തിരുന്നു.


Read Also : “നിങ്ങള്‍ കള്ളനാണ്”; പോയന്റ് വെട്ടിക്കുറച്ച അംപയറോട് തര്‍ക്കിച്ച് സെറീന, യു.എസ് ഓപ്പണ്‍ ഫൈനലില്‍ നാടകീയരംഗങ്ങള്‍, വീഡിയോ


ബ്ലാസ്റ്റേഴ്സ് തങ്ങള്‍ക്കെതിരേ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബാങ്കോക്ക് എഫ്.സി. രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ബാങ്കോക്ക് എഫ്.സി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ബാങ്കോക്ക് എഫ്.സിയെ തോല്‍പ്പിച്ചെന്ന് പറഞ്ഞുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റും ഒപ്പം ഉപയോഗിച്ച തങ്ങളുടെ ലോഗോയും നീക്കം ചെയ്യണമെന്നും ബാങ്കോക്ക് എഫ്.സി ആവശ്യപ്പെട്ടു.

ഇതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ ആശയക്കുഴപ്പത്തിലായത്. പിന്നെ ആരോടാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത് എന്നായി ആരാധകര്‍. തായ്ലന്‍ഡിലുള്ള എഫ്.സി ബാങ്കോക്കിനോടാണോ എന്ന ചോദ്യമുയര്‍ന്നെങ്കിലും കളിച്ചത് അവരോടല്ലെന്ന് വൈകാതെ കണ്ടെത്തി.

എന്നാല്‍ ബ്ലാസ്റ്റേഴ്സ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മത്സരത്തിന്റെ ഫോട്ടോയില്‍ നിന്നും അത് ബാങ്കോക്ക് തോന്‍ബുരി യൂണിവേഴ്സ്റ്റി ടീമാണെന്ന് ആരാധകര്‍ കണ്ടുപിടിച്ചു. ഈ യൂണിവേഴ്സ്റ്റി ടീമിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചതെന്ന് ബാങ്കോക്ക് എഫ്.സിയും പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.

ഇതോടെ ബ്ലാസ്റ്റേഴ്സ് തങ്ങളെ വഞ്ചിച്ചുവെന്ന പോസ്റ്റുമായി നിരവധി ആരാധകര്‍ രംഗത്തെത്തി. കേരള ബ്ലാസ്റ്റേഴ്സ് ഇതിനൊരു വ്യക്തത വരുത്തണമെന്നും കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. അത് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍.

വിവാദമായതോടെ കേരള ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ബാങ്കോക്ക് എഫ്.സിയുടെ ലോഗോയുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more