തായ്‌വാനിലെ എല്ലാ വീട്ടുകാര്‍ക്കും തോക്ക് നല്‍കണം, പിന്നെ ചൈന എന്തു ചെയ്യുമെന്ന് നമുക്ക്‌ കാണാമല്ലോ: വിവേക് രാമസ്വാമി
World News
തായ്‌വാനിലെ എല്ലാ വീട്ടുകാര്‍ക്കും തോക്ക് നല്‍കണം, പിന്നെ ചൈന എന്തു ചെയ്യുമെന്ന് നമുക്ക്‌ കാണാമല്ലോ: വിവേക് രാമസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 8:10 pm

 

വാഷിങ്ടണ്‍: ചൈനയുടെ തായ്‌വാന്‍ അധിനിവേശ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ മാര്‍ഗം നിര്‍ദേശിച്ച് വിവേക് രാമസ്വാമി. തായ്‌വാനിലെ ഓരോ കുടുംബത്തിനും തോക്കുകള്‍ നല്‍കണമെന്നാണ് മലയാളി കൂടിയായ വിവേക് പറയുന്നത്.

ഇന്ത്യാനപൊളിസില്‍ നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്റെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് വിവേക് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്നയാളാണ് 37കാരനായ വിവേക്.

‘നിങ്ങള്‍ക്ക് തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റത്തെ തടയണമെന്നുണ്ടോ? അതിന് നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്റെ ഒരു ശാഖ തായ്‌വാനില്‍ തുടങ്ങണം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ തായ്‌വാന്‍ കടന്നു കയറ്റം അവസാനിപ്പിക്കണമെങ്കില്‍, സ്വയം പ്രതിരോധിക്കാനായി തായ്‌വാനിലെ ഓരോ കുടുംബത്തിനും ഒരു തോക്ക് വെച്ച് നല്‍കണം. പിന്നെ ഷി ജിന്‍പിങ് എന്തുചെയ്യുമെന്ന് നമുക്ക് കാണാമല്ലോ,’ വിവേക് പറഞ്ഞു.

ഡോക്ടറായ ഗീതയുടെയും അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ എയര്‍ക്രാഫ്റ്റ് ഡിസൈനറായ രാമസ്വാമിയുടെയും മകനായ വിവേക് യുവസംരംഭകനാണ്. പാലക്കാട് വടക്കഞ്ചേരിയിലാണ് വിവേകിന്റെ കുടുംബവേരുകളുള്ളത്. ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ് വിവേക്.

4145 കോടിയോളം രൂപയുടെ ആസ്തി വിവേകിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ അമേരിക്കയിലെ അതി സമ്പന്നരായ യുവ സംരംഭകരില്‍ ഒരാളായിരുന്നു വിവേക്.

അമേരിക്ക സ്വത്വ പ്രതിസന്ധിയിലാണെന്നും ഈ രാജ്യത്തിന്റെ ആദര്‍ശങ്ങള്‍ തിരിച്ചു പിടിക്കാനാണ് താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നതെന്നുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ട് വിവേക് പറഞ്ഞത്.

വിവേക് ഉള്‍പ്പെടെ മൂന്ന് പേരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഐക്യരാഷ്ട്ര സഭയിലെ യു.എസ്. മുന്‍ സ്ഥാനപതി നിക്കി ഹേലി എന്നിവരാണ് നേരത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇതില്‍ നിക്കി ഹേലി ഇന്ത്യന്‍ വംശജയാണ്.

Content Highlights: Give a gun to every household in Taiwan: Vivek Ramaswamy