യു.എസ് സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ ഒബാമയ്ക്ക് അവസരം നല്‍കണം: മിഷേല്‍
World
യു.എസ് സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ ഒബാമയ്ക്ക് അവസരം നല്‍കണം: മിഷേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2012, 12:23 pm

വാഷിങ്ടണ്‍: യു.എസ് തിരഞ്ഞെടുപ്പില്‍ ബറാക് ഒബാമയ്ക്ക് വേണ്ടി പ്രചരണവുമായി ഭാര്യ മിഷേല്‍ ഒബാമ രംഗത്തിറങ്ങി. യു.എസ് സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ ബറാക് ഒബാമയ്ക്ക് നാല് വര്‍ഷങ്ങള്‍ കൂടി നല്‍കണമെന്ന് മിഷേല്‍ ഒബാമ പറഞ്ഞു. []

നാല് വര്‍ഷം മുന്‍പുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയുടെ പ്രധാന മുദ്രാവാക്യമായിരുന്നു മാറ്റം. ആ മുദ്രാവാക്യത്തോട് ഏറെ നീതി പുല്‍ത്താന്‍ ഒബാമയുടെ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മിഷേല്‍ പറഞ്ഞു.

മാറ്റം എന്ന കാര്യം ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ് എല്ലാ മേഖലയിലും സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് യു.എസ് പ്രസിഡന്റ് ശ്രമിക്കുന്നത്. നാലോ അഞ്ചോ വര്‍ഷം കൊണ്ട് പൂര്‍ണമായ മാറ്റം ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനായി ഇനിയും സമയം ആവശ്യമാണ്. അതിനാല്‍ തന്നെ നാല് വര്‍ഷം കൂടി ഒബാമയ്ക്ക് നല്‍കണം- മിഷേല്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ബറാക് ഒബാമയെ അംഗീകരിക്കാനുള്ള ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മിഷേല്‍.

ജനങ്ങള്‍ അയയ്ക്കുന്ന കത്തുകള്‍ വായിച്ച പല രാത്രികളിലും ഒബാമ ആശങ്കപ്പെടാറുണ്ട്. ജനങ്ങള്‍ക്കുവേണ്ടി ഇനിയും പലതും ചെയ്യാനുണ്ടെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടെന്നും അതിനായി ജനങ്ങള്‍ അദ്ദേഹത്തിന് അവസരം നല്‍കണമെന്നും മിഷേല്‍ പറഞ്ഞു.