ഹരിയാന: പഞ്ചാബ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് ഹരിയാനയ്ക്ക് വെള്ളം നല്‍കാനും ഹിന്ദി സംസാരിക്കുന്നതില്‍ 400 ഗ്രാമങ്ങളെ മുന്‍പന്തിയിലെത്തിക്കാനും ശ്രമിക്കണമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
ഹരിയാനയിലെ ജിന്ദ് ജില്ലയിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചണ്ഡീഗഢ് സംസ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വെള്ളിയാഴ്ച നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് മനോഹര്‍ ലാല്‍ ഖട്ടറിന്റെ പരാമര്‍ശം.
എസ്.വൈ.എല്‍ കനാലിന്റെ കാര്യത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് ഖട്ടര്‍ തന്റെ പ്രസംഗത്തില്‍ ആരോപിച്ചു.
സത്ലജ്, യമുന നദികളെ ബന്ധിപ്പിക്കുന്നതിനുള്ള 214 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയാണ് എസ്.വൈ.എല്‍ കനാലെന്നും അദ്ദേഹം പറഞ്ഞു.
ചണ്ഡീഗഢിനെ കേന്ദ്രസര്‍വീസ് ഭരണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തീരുമാനത്തിനെതിരെയാണ് ഭഗവന്ത് മന്‍ പ്രമേയം അവതരിപ്പിച്ചത്.
ചണ്ഡീഗഢിലെ പഞ്ചാബിലെ അവകാശത്തിന് നേരെയുള്ള ആക്രമണമാണ് ഈ തീരുമാനമെന്ന് പ്രമേയം വായിച്ചുകൊണ്ട് ഭഗവന്ത് മന്‍ പറഞ്ഞിരുന്നു.
പഞ്ചാബിലെ ചണ്ഡീഗഡില്‍ നടന്ന ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മന്‍ പ്രമേയം വായിച്ചത്.
ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ ഇനി മുതല്‍ സെന്‍ട്രല്‍ സിവില്‍ സര്‍വീസുമായി പൊരുത്തപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Give 400 Hindi-Speaking Villages First: Haryana Chief Minister To Punjab