മുംബൈ: ഭഗവത്ഗീത മതഗ്രന്ഥമല്ലെന്നും ഒരു ജീവിതരീതിയെക്കുറിക്കുന്ന പുസ്തകമാണെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡേ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗീത വിതരണം ചെയ്യുന്നതില്‍ വര്‍ഗ്ഗീയത കാണരുതെന്നും താവ്‌ഡേ പറയുന്നു. മുബൈയില്‍ ഭക്തിവേദാന്ത വിദ്യാപീഠ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഭഗവത്ഗീത വിതരണം ചെയ്യാന്‍ ഇന്നത്തെ അവസ്ഥയില്‍ ആരെങ്കിലും ശ്രമിച്ചാല്‍, അത് വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമായേ എല്ലാവരും വിലയിരുത്തുകയുള്ളൂവെന്നും, മാധ്യമങ്ങളാണ് അത്തരത്തിലുള്ള ഒരു ചിന്ത പ്രചരിപ്പിച്ചതെന്നും താവ്‌ഡേ ആരോപിക്കുന്നു.
“ഭഗവത്ഗീത വിതരണം ചെയ്യുന്നവരെ വര്‍ഗ്ഗീയവാദികളായാണ് എല്ലാവരും കാണുന്നത്. ഈ മനസ്ഥിതിയില്‍ നിന്നും എന്നാണ് നമ്മള്‍ പുറത്തുവരിക? ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെപ്പോലും ജീവിതത്തിലെ സുപ്രധാന പാഠങ്ങള്‍ ഗീതയിലൂടെ പഠിപ്പിക്കാന്‍ സാധിക്കും.” താവ്‌ഡെ പറയുന്നു.
ഗീതയും വേദങ്ങളും ഉപനിഷത്തുകളുമൊന്നും മതഗ്രന്ഥങ്ങളല്ല. ഇവ ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങേണ്ടവയല്ല, മറിച്ച് സാധാരണക്കാരനു കൂടി ലഭ്യമാകണം. ഖുര്‍ആന്റേയും ബൈബിളിന്റേയും കോപ്പികള്‍ സൗജന്യമായി ലഭ്യമാക്കാമെങ്കില്‍, അവയും കോളേജുകളില്‍ വിതരണം ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഭഗവത് ഗീതയുടെ കോപ്പികള്‍ ഓഫീസില്‍ നിന്നും ഏറ്റുവാങ്ങി വിതരണം ചെയ്യാന്‍ നാക് അക്രഡിറ്റേഷനില്‍ “A”യും “A++”ഉം ലഭിച്ച നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ ഉന്നത വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്നാരോപിച്ച് പ്രതിപക്ഷപ്പാര്‍ട്ടികള്‍ വലിയ പ്രതിഷേധ പരിപാടികളാണ് അന്നു നടത്തിയിരുന്നത്.