19ാം മിനിട്ടില്‍ ഹാട്രിക്!! അട്ടിമറിക്കും ഞെട്ടിക്കും... സ്‌പെയ്‌നില്‍ മുന്‍ ചാമ്പ്യന്‍മാരെ നാണംകെടുത്തി കറുത്ത കുതിരകള്‍
Sports News
19ാം മിനിട്ടില്‍ ഹാട്രിക്!! അട്ടിമറിക്കും ഞെട്ടിക്കും... സ്‌പെയ്‌നില്‍ മുന്‍ ചാമ്പ്യന്‍മാരെ നാണംകെടുത്തി കറുത്ത കുതിരകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd January 2024, 8:24 am

 

ലാലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ജിറോണ എഫ്.സി. എസ്റ്റാഡി മോണ്ടിലിവിലിയില്‍ നടന്ന ജിറോണ – സെവിയ്യ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ഹോം ടീം സെവിയ്യയെ തകര്‍ത്തുവിട്ടത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ജിറോണ.

ജിറോണക്കായി ആര്‍ടെം ഡോബ്‌വിക് ഹാട്രിക് തികച്ചപ്പോള്‍ വിക്ടര്‍ സിഹങ്കോവ്, ക്രിസ്റ്റിയന്‍ സ്റ്റുവാനി എന്നിവര്‍ ഓരോ ഗോളും നേടി. ഐസക് റെമോറോ ബെര്‍ണലാണ് സെവിയ്യയുടെ ആശ്വാസ ഗോള്‍ നേടിയത്.

4-4-2 ഫോര്‍മേഷനില്‍ ജിറോണ കളത്തിലിറങ്ങിയപ്പോള്‍ പ്രതിരോധത്തിന് പ്രാധ്യാനം നല്‍കി 5-3-2 ഫോര്‍മേഷനാണ് സെവിയ്യ അവലംബിച്ചത്.

മത്സരത്തിന്റെ പത്താം മിനിട്ടില്‍ സെവിയ്യയാണ് ആദ്യ ഗോള്‍ നേടിയത്. പെഡ്രോസയുടെ അസിസ്റ്റില്‍ നിന്നും ബെര്‍ണല്‍ ജിറോണയുടെ വല കുലുക്കി.

എന്നാല്‍ ആ ആഘോഷം അധിക നേരം നീണ്ടുനിന്നല്ല. ഗോള്‍ വഴങ്ങി കൃത്യം മൂന്നാം മിനിട്ടില്‍ ജിറോണ സമനില ഗോള്‍ കണ്ടെത്തി. സാവിയോയുടെ അസിസ്റ്റില്‍ കൃത്യമായി തലവെച്ച ജിറോണയുടെ ഒമ്പതാം നമ്പറുകാരന്‍ ഡോബ്‌വിക് സെവിയ്യ വലയിലേക്ക് നിറയൊഴിച്ചു.

13ാം മിനിട്ടില്‍ സമനില ഗോള്‍ നേടിയ ജിറോണ 15ാം മിനിട്ടില്‍ ലീഡ് നേടി. ഇത്തവണയും ഡോബ്‌വിക് തന്നെയാണ് ഗോള്‍ കണ്ടെത്തിയത്. 19ാം മിനിട്ടില്‍ ഡോബ്‌വിക്കിലൂടെ ജിറോണ ലീഡ് ഇരട്ടിയാക്കി. മത്സരം 20 മിനിട്ട് പിന്നിടും മുമ്പ് തന്നെ ഡോബ്‌വിക് തന്റെ ഹാട്രിക് പൂര്‍ത്തിയാക്കുകയും ഹോം ടീമിന് മേല്‍ക്കൈ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഇരു ഗോള്‍ മുഖങ്ങളിലും ഗോള്‍ ഭീഷണി പടര്‍ന്നെങ്കിലും ഒന്ന് പോലും ഗോളാക്കി മാറ്റാന്‍ ഇരുവര്‍ക്കുമായില്ല. ഒടുവില്‍ 3-1ന് ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് 11ാം മിനിട്ടില്‍ ജിറോണ വീണ്ടും സെവിയ്യയെ ഞെട്ടിച്ചു. മധ്യനിരയിലെ വിശ്വസ്തന്‍ വിക്ടര്‍ സിഹങ്കോവ് നാലാം ഗോളും നേടി. സാവിയോയാണ് ഈ ഗോളിനും വഴിയൊരുക്കിയത്.

ഒടുവില്‍ നിശ്ചിത സമയത്തിന് ഒരു മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ക്രിസ്റ്റിയന്‍ സ്റ്റുവാനി സെവിയ്യയുടെ പെട്ടിയിലെ അവസാന ആണിയുമടിച്ചു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ജിറോണ 5-1ന് വിജയം സ്വന്തമാക്കി.

മത്സരത്തിന്റെ സമഗ്ര മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് ജിറോണ വിജയിച്ചുകയറിയത്. ഉതിര്‍ത്ത ഷോട്ടുകളുടെ എണ്ണത്തിലും ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളിലും ബോള്‍ പൊസെഷനിലും എല്ലാം ജിറോണ തന്നെ ആധിപത്യം പുലര്‍ത്തി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ജിറോണക്കായി. 21 മത്സരത്തില്‍ നിന്നും നാല് സമനിലയും ഒരു തോല്‍വിയുമായി 52 പോയിന്റോടെയാണ് ജിറോണ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മുന്‍ ചാമ്പ്യന്‍മാരായ റയല്‍ 51 പോയന്റുമായി രണ്ടാമതും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ബാഴ്‌സലോണ 44 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.

 

 

Content highlight: Girona FC defeated Sevilla