പ്ലസ് ടു പാസ്സായവര്‍ക്ക് 25000 രൂപ, ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000; വമ്പന്‍ പ്രഖ്യാപനങ്ങളുമായി നിതീഷ് കുമാര്‍
India
പ്ലസ് ടു പാസ്സായവര്‍ക്ക് 25000 രൂപ, ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000; വമ്പന്‍ പ്രഖ്യാപനങ്ങളുമായി നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th October 2020, 4:36 pm

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടിലാണ് ജെ.ഡി.യു അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി വലിയ ക്യാമ്പയിനുകളാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഒപ്പം അധികാരത്തില്‍ എത്തിയാല്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.

പ്ലസ് ടു കഴിഞ്ഞ ഓരോ യുവതികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് ധനസഹായം നല്‍കുമെന്നാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം.

നേരത്തെ എഞ്ചിനീയറിംഗ് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബീഹാറില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ബീഹാറില്‍ മികച്ച എഞ്ചിനീയറിംഗ് കോളേജുകളുണ്ടെന്നും നിരവധി കോളേജുകള്‍ ഇത്തരത്തില്‍ സ്ഥാപിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യയിലൂന്നിയുള്ള വിദ്യാഭ്യാസത്തെയാണ് ഇനി പ്രോത്സാഹിപ്പിക്കാന്‍ പോകുന്നത്. അതുവഴി ആളുകള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയും

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐ.ഐ.ടികളും ഐ.ടി.ഐകളും പോളിടെക്‌നികളും സ്ഥാപിക്കാനായത് വലിയ നേട്ടമായി കരുതുന്നു.

‘ചില രാഷ്ട്രീയക്കാര്‍ അവരുടെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു, അവരുടെ ഭാര്യയ്ക്ക് വേണ്ടി മകന് വേണ്ടി മകള്‍ക്ക് വേണ്ടി ബന്ധുക്കള്‍ക്ക് വേണ്ടി എല്ലാം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബം ബീഹാറാണ്’, നിതീഷ് കുമാര്‍ പറഞ്ഞു.

സ്ത്രീകളോട് സംസാരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അവര്‍ വളരെ അറിവുള്ളവരാണ്, സ്ത്രീകള്‍ ഇല്ലാതെ വികസനം നടക്കുമോ?  സ്ത്രീകളുടെ വിദ്യാഭ്യാസം തന്നെയാണ് വികസനത്തിലേക്കുള്ള ചവിട്ടുപടി. വനിതാ ശാക്തീകരണത്തിനായി ഞങ്ങള്‍ എന്നും പ്രവര്‍ത്തിച്ചിട്ടുണ്ട്, സ്ത്രീകള്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളുകളെ ആശ്രയിക്കാതെ തന്നെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്ത് നിന്നുള്ളവരെ തന്നെ പരിശീലിപ്പിക്കും. ഇതിനായുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

നഗരത്തിലെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളില്‍ വലിയ രീതിയിലുള്ള വികസനമാണ് ഉണ്ടാക്കിയത്. ഞങ്ങള്‍ക്ക് ലഭിക്കുന്ന വോട്ടുകളെക്കുറിച്ച് ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ല, മറിച്ച് സമൂഹത്തെ സേവിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ്.

ശുദ്ധമായ കുടിവെള്ളം 90% രോഗങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു, അത് ലഭ്യമാക്കാനായുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചു.

എല്ലാവര്‍ക്കും റോഡുകള്‍, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പുവരുത്തുക, ഇതാണ് ലക്ഷ്യം. മൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കുമായി സംസ്ഥാനത്ത് ടെലി മെഡിസിന്‍ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

അധികാരത്തിലെത്തിയ ശേഷം 3 കോടിയിലധികം മരങ്ങള്‍ സംസ്ഥാനത്ത് നട്ടുപിടിപ്പിച്ചു. ഇതുവരെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ വോട്ടുചെയ്യണം. ജനങ്ങളാണ് അധികാരികള്‍ ഞങ്ങള്‍ അവരുടെ സേവകര്‍ മാത്രമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Girls who pass Class 12 will be given Rs 25k, graduate Rs 50k, says CM Nitish Kumar