സ്തനവളര്‍ച്ച തടയാന്‍ മാറിടത്തില്‍ ചൂടാക്കിയ കല്ല് വെക്കുന്ന 'ബ്രെസ്റ്റ് അയര്‍ണിങ്' രീതി ലണ്ടനില്‍ വ്യാപകം; നടപടി ലൈംഗികാതിക്രമം തടയാന്‍
World News
സ്തനവളര്‍ച്ച തടയാന്‍ മാറിടത്തില്‍ ചൂടാക്കിയ കല്ല് വെക്കുന്ന 'ബ്രെസ്റ്റ് അയര്‍ണിങ്' രീതി ലണ്ടനില്‍ വ്യാപകം; നടപടി ലൈംഗികാതിക്രമം തടയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th January 2019, 11:25 am

ലണ്ടന്‍: സ്തനവളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചൂടാക്കിയ കല്ല് വെക്കുന്ന “ബ്രെസ്റ്റ് അയര്‍ണിങ്” രീതി ലണ്ടനില്‍ വ്യാപകമാകുന്നു.

ആണ്‍നോട്ടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലാണ് ഈ പ്രാകൃതരീതി കണ്ടു വരുന്നതെങ്കിലും ലണ്ടനിലും ഇത് വ്യാപകമാകുന്നുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടന്‍, യോര്‍ക്ക്‌ഷൈര്‍, എസ്സെക്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളില്‍ ഒന്നാണ് “ബ്രസ്റ്റ് അയണിങ്ങ്” എന്നാണ് യു.എന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ലണ്ടനിലെ ക്രൊയ്‌ഡോണ്‍ പട്ടണത്തില്‍ മാത്രമായി 15 മുതല്‍ 20വരെ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


നാല് വര്‍ഷം കൊണ്ട് പത്തരക്കോടി ടോയ്‌ലറ്റ് പണിയാന്‍ മോദിയ്ക്കല്ലാതെ വേറെ ആര്‍ക്ക് കഴിയും: അല്‍ഫോണ്‍സ് കണ്ണന്താനം


ആഴ്ച്ചയിലൊരിക്കലോ രണ്ടാഴ്ച്ച കൂടുമ്പോഴോ ആണ് ഇത് ചെയ്യുന്നത്. ഇത് പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് ക്യാന്‍സറിന് വരെ കാരണമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

യു.കെയില്‍ മാത്രമായി ഇതുവരെ 1000 ത്തോളം പെണ്‍കുട്ടികള്‍ ബ്രെസ്റ്റ് അയേണിങ്ങിന് വിധേയരായി എന്ന് ചേലാകര്‍മ്മത്തിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൊമാലിയന്‍ സ്വദേശിയായ ലെയ്‌ല ഹുസ്സൈന്‍ പറയുന്നു.

വിധേയരായ പെണ്‍കുട്ടികളെല്ലാം തന്നെ ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. മാത്രമല്ല ഇതിന് വിധേയരായി മാറിട വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ് ഇവരില്‍ പലരുമെന്നും ലെയ്‌ല പറയുന്നു. എന്നാല്‍ ഇതുവരെ ബ്രസ്റ്റ് അയണിങ്ങിനെതിരേ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ പോലീസ് പറയുന്നത്.