ന്യൂദല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ കോളേജിനുള്ളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരമാണ് ലാത്തിച്ചാര്‍ജ്ജെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് വരാനിരുന്ന റോഡ് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചിരുന്നു.
തുടര്‍ന്ന് വലിയൊരു പൊലീസ് സംഘം കോളേജിലെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ശനിയാഴ്ച വൈകീട്ടോടെ വീണ്ടും കോളേജിലെത്തിയ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വനിതാ പ്രൊഫസര്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞദിവസം ഫൈന്‍ ആര്‍ട്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയെ ബിഎച്ച്യു ക്യാംമ്പസിനകത്ത് വെച്ച് അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. കാമ്പസിലെ കലാഭവന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചത്.
സഹായത്തിനായി പെണ്‍കുട്ടി നിലവിളിച്ചെങ്കിലും, 20 മീറ്റര്‍ അകലെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ എത്തിയില്ലെന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും ചീഫ് പ്രൊക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ആരംഭിച്ചത്.
നേരത്തെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപമെത്തി ചില വിദ്യാര്‍ത്ഥികള്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും എന്നാല്‍ കോളേജ്-ഹോസ്റ്റല്‍ അധികൃതര്‍ക്ക് പരാതി നല്‍കുമ്പോള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആറ് മണിക്ക് ശേഷം ഞങ്ങളോട് ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങേണ്ടെന്നാണ് അധികൃതര്‍ പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.